കോഴിക്കോട്: പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കാട്ടുന്നത് മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ മുസ്ലീംലീഗും, കെ.എം.സി.സിയുമെല്ലാം സർക്കാരിനെ അറിയിച്ചതാണ്. പക്ഷെ സർക്കാർ തന്നിഷ്ടപ്രകാരം മുന്നോട്ട് പോവാൻ ശ്രമിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഇരുന്നൂറിലധികം പ്രവാസികളാണ് വിദേശത്ത് മരിച്ചത്. ഇവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. സന്നദ്ധ സംഘടനകളെ വിശ്വാസത്തിലെടുക്കാത്ത സർക്കാർ നയമാണ് ഇപ്പോൾ ദുരന്തമായി മാറിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊവിഡ് പരിശോധനയ്ക്ക് പകരം പി.പി.ഇ കിറ്റ് മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പി.പി.ഇ കിറ്റടക്കമുള്ളവ പൗരന്മാർക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. പലർക്കും ഇതിനുള്ള കഴിവില്ല. ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ച് പോരുന്നവരുമൊക്കെയാണ് ഇങ്ങനെ സന്നദ്ധ സംഘടനകൾ ഉറപ്പാടാക്കുന്ന വിമാനത്തിൽ കയറി നാട്ടിലെത്തുന്നത്. അത്തരക്കാരെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ഓരോ തീരുമാനമെടുത്ത് മാറ്റേണ്ടി വരുന്നത് പ്രവാസി വിഷയത്തിൽ സർക്കാരിന്റെ വീഴ്ചയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.