തിരുവനന്തപുരം: ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആദ്യദിനത്തിൽ പാളി. പ്രധാന മാർക്കറ്റുകളിൽ 50 ശതമാനം കടകൾ മാത്രം പ്രവർത്തിപ്പിക്കാനുള്ള തീരുമാനം നടപ്പായില്ല. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഗതാഗതം തടയുന്നതിന്റെ ഭാഗമായി പ്രധാന റോഡുകൾ അടച്ചെങ്കിലും ഇടറോഡുകൾ അടയ്ക്കാത്തതിനാൽ ജനങ്ങൾക്ക് യഥേഷ്ടം യാത്രചെയ്യാമെന്ന സ്ഥിതിയായി. നിയന്ത്രണങ്ങൾ നടപ്പാക്കേണ്ട പൊലീസും നഗരസഭയും ഇതൊന്നും ശ്രദ്ധിച്ചതുമില്ല. ചാല, പാളയം, ആനയറ ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ ഭൂരിഭാഗം കടകളും തുറന്നു. കടകൾ തുറന്നതോടെ നഗരത്തിലെ ജനത്തിരക്കിനും കുറവുണ്ടായില്ല. പൊലീസ് കർശന പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. വിവിധ മത്സ്യവില്പന കേന്ദ്രങ്ങളിലും സാധാരണ പോലെ കച്ചവടം നടന്നു. ആട്ടോകളിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ട്രിപ്പ് ഷീറ്റ് സംവിധാനം നടപ്പാക്കിത്തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു. ചാല, പാളയം മാർക്കറ്റുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി മാത്രം കടകൾ തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ മുഴുവൻ കടകളും തുറന്നു. മുമ്പ് ബുക്കു ചെയ്‌തിരുന്ന പച്ചക്കറി അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയതിനാൽ അടച്ചിടുന്നത് നഷ്ടമുണ്ടാക്കുമെന്ന കച്ചവടക്കാരുടെ ആവശ്യം മുൻനിറുത്തിയാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. അതേസമയം ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി കടകൾ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് കച്ചവടക്കാർ പറയുന്നു. എല്ലാ കടകളും തുറന്നതോടെ ചാല, പാളയം എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗം ജീവനക്കാരെത്തി നോട്ടീസുകൾ നൽകി. ഇറച്ചിക്കടകളും പതിവുപോലെ പ്രവർത്തിച്ചു. നഗരത്തിലെ പ്രധാന മാളുകളും ഇന്നലെ തടസമില്ലാതെ പ്രവർത്തിച്ചു.
ഇന്ന് മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രത്യേക ശ്രദ്ധയ്‌ക്ക്
-----------------------------------------
ചാല, പാളയം തുടങ്ങിയ മാർക്കറ്റുകളിലെ പച്ചക്കറിക്കടകൾക്ക്
തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തനാനുമതി
ഇറച്ചിക്കടകളും പലച്ചരക്ക് കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും
മാളുകളിലെ സൂപ്പർമാർക്കറ്റുകൾ തിങ്കൾ, ബുധൻ, വെള്ളി,
ശനി ദിവസങ്ങളിൽ തുറക്കാം