തിരുവനന്തപുരം : ആട്ടോറിക്ഷ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിൽ ഓടുന്ന ആട്ടോകളിലും ടാക്സികളിലും ട്രിപ്പ് ഷീറ്റ് സംവിധാനം തുടങ്ങി. വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഒപ്പം ഡ്രൈവറെക്കുറിച്ച് വ്യക്തമായ വിവരം യാത്രക്കാർക്ക് മനസിലാക്കാനും ഇതിലൂടെ കഴിയും. വാഹനം ഓടിക്കുന്ന ഡ്രൈവറുടെ പേര്, ഫോൺനമ്പർ,
വാഹന റജിസ്ട്രേഷൻ നമ്പർ എന്നിവ വാഹനത്തിൽ യാത്രക്കാർ കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണം. ഇതോടൊപ്പം വാഹനത്തിൽ സൂക്ഷിക്കുന്ന ബുക്കിൽ യാത്രക്കാർ പേര്, ഫോൺ നമ്പർ, കയറിയതും ഇറങ്ങിയതുമായ സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തണം. വനിതാ യാത്രക്കാർ അടുത്ത ബന്ധുക്കളുടെ നമ്പർ രേഖപ്പെടുത്തിയാൽ മതി. ഈ സംവിധാനം ഇന്നലെ മുതൽ ആരംഭിച്ചു. ട്രിപ്പ് ഷീറ്റ് സംവിധാനം ഏർപ്പെടുത്താത്ത ആട്ടോകൾ, ടാക്സികൾ എന്നിവയെക്കുറിച്ചുള്ള പരിശോധ പൊലീസ് തുടരുകയാണ്. നിർദ്ദേശങ്ങൾ പാലിക്കാതെയും സാനിറ്റൈസർ സംവിധാനം ഏർപ്പെടുത്താതെയും ട്രിപ്പ് നടത്തുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.