ആറ്റിങ്ങൽ:ആറ്റിങ്ങൽ ദേശീയപാത വികസനം മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്നതിൽ വ്യാപാരികൾ ബുദ്ധിമുട്ടുകയാണെന്നും അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പൂജ ഇക്ബാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വ്യാപാരികൾ വികസനത്തിന് ഒരിക്കലും എതിരല്ല. ദേശീയപാത നാലുവരി ആക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ടുകൊടുത്തവരിൽ കൂടുതലും ആറ്റിങ്ങലിലെ വ്യാപാരികളാണ്. എന്നാൽ ഇത്തരത്തിൽ വികസനത്തിന് കൂട്ടുനിന്ന വ്യാപാരികളെത്തന്നെ പട്ടിണിയിലാക്കുന്ന നയമാണ് നിർമ്മാണത്തിൽ സ്വീകരിക്കുന്നത്. കൊവിഡ് കാരണം ബുദ്ധിമുട്ടിലായ വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളെന്ന് പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ചന്ദ്രാപ്രസ് കണ്ണൻ,​ ട്രഷറർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചായിരുന്നു വാർത്താ സമ്മേളനം നടന്നത്.