കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്. സുരേന്ദ്രന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റിന് പിന്നിൽ താനാണെന്ന് തെളിയിച്ചാൽ ആ നിമിഷം രാജിവയ്‌ക്കാമെന്നാണ് രാഗേഷ് പറയുന്നത്. കെ.സുരേന്ദ്രനെ മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചെന്ന് കെ.സുധാകരൻ പറഞ്ഞത് ഏത് സാഹചര്യത്തിൽ ആണെന്നറിയില്ല.
ആരോപണം ഉന്നയിച്ച കെ പ്രമോദിനെക്കാൾ മുന്നേ പാർട്ടിയിൽ ഉള്ള ആളാണ് താൻ. പാർട്ടിയിൽ ഒറ്റപ്പെട്ടതായി തോന്നുന്നില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു. അതേസമയം സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ തമ്മിലടിയിൽ ഇടപെടാനാണ് സി.പി.എം നീക്കം. പാർട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തിൽ മനംനൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന കെ.പി.സി.സി അംഗത്തിന്റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
മൂന്ന് മാസം അപ്പുറം നടക്കാനിരിക്കുന്ന കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ കണ്ണുവച്ചാണ് കോൺഗ്രസിന്റെ ആഭ്യന്തര കലഹത്തിൽ സി.പി.എം ഇടപെടുന്നത്. അടുത്ത മേയർ സ്ഥാനാർത്ഥിയായി യു.ഡി.എഫ് കണ്ട് വച്ച സുരേന്ദ്രന്റെ മരണം പാർട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെ.പി.സി.സി അംഗം കെ.പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോൺഗ്രസ് പ്രവർത്തകനെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പി.കെ രാഗേഷാണെന്നാണ് ആക്ഷേപം.