തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലെത്താൻ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റിന് പകരം പി.പി.ഇ കിറ്റുകൾ മതിയെന്ന് തീരുമാനിച്ചത് സർക്കാരിന്റെ മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.
ഇത് നേരത്തേ തീരുമാനിച്ചിരുന്നെങ്കിൽ ഇത്രയും മലയാളികൾ ഗൾഫിൽ മരിക്കില്ലായിരുന്നു. പ്രവാസികൾ നാട്ടിലേക്ക് വരേണ്ടെന്ന നിലപാടാണ് കേരളസർക്കാർ ആദ്യം മുതൽ സ്വീകരിച്ചത്. അതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷവും പ്രവാസിസംഘടനകളും നടത്തിയത്. അതേത്തുടർന്നാണിപ്പോഴത്തെ തീരുമാനം. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നേ യു.ഡി.എഫ് ആഗ്രഹിക്കുന്നുള്ളൂ.
വന്ദേഭാരത് മിഷന്റെ സർവീസ് പോലും കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യിക്കാൻ സംസ്ഥാനസർക്കാർ മുൻകൈയെടുത്തില്ല. കേന്ദ്രത്തോട് കൂടുതൽ വിമാനങ്ങൾ ആവശ്യപ്പെട്ടില്ല. സർക്കാർ നിർദ്ദേശങ്ങളെല്ലാം അപ്രായോഗികമാണെന്ന പ്രതിപക്ഷത്തിന്റെ വാദം ചെവിക്കൊണ്ടില്ല. പ്രവാസികൾക്ക് അയ്യായിരം രൂപ കൊടുക്കുമെന്ന് പറഞ്ഞിട്ടിപ്പോൾ അതിന് പ്രത്യേക സർട്ടിഫിക്കറ്റ് ചോദിക്കുന്നു. എന്തിനാണ് ലോക കേരളസഭ? കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ കൊണ്ടുവരാൻ ഒരു മുൻകൈയും സർക്കാരെടുക്കുന്നില്ല.
ബാലാവകാശ കമ്മിഷൻ നിയമനം ജനങ്ങളോടുള്ള വെല്ലുവിളി
രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് പാർട്ടി പ്രവർത്തകനെ ബാലാവകാശ കമ്മിഷൻ ചെയർമാനാക്കിയത് ദൗർഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പി.ടി.എ അംഗമാണെന്ന പരിഗണന മാത്രം വച്ചാണ് ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള പോസ്റ്റിലേക്ക് നിയമനം. ഇത് അങ്ങേയറ്റത്തെ ധാർഷ്ഠ്യമാണ്