കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം താനൂർ സ്വദേശിയായ മീൻ ലോറി ഡ്രൈവർ നിരീക്ഷണ ത്തിലിരിക്കെ പുതിയാപ്പ ഹാർബറിൽ ചെലവഴിച്ചത് രണ്ട് ദിവസം. ഇയാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ പുതിയാപ്പ ഹാർബർ ഉൾപ്പെടുന്ന കോർപ്പറേഷനിലെ 75ആം വാർഡ് ജില്ലാ കളക്ടർ എസ്.സാംബശിവ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
മത്സ്യം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെയാണ് ഹാർബറിൽ ഇയാൾ എത്തിയത്. തീരദേശ പൊലീസ് സ്റ്റേഷന് സമീപം ലോറി നിർത്തിയിട്ടശേഷം ഹാർബറിലെ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതായും സ്ഥിരീകരിച്ചു. ഞായറാഴ്ച കാന്റീൻ അടവായതിനാല്‍ ആട്ടോയിൽ സഞ്ചരിച്ചശേഷം പുതിയാപ്പ-പാവങ്ങാട് റോഡിലെ വാർഡ് അതിർത്തിയിലെ ഹോട്ടലിൽ നിന്ന് പാഴ്സൽ ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു.
രാവിലെ തിരക്കുള്ള സമയത്താണ് ഇയാള്‍ ഹാർബറിൽ എത്തിയിരുന്നത് എന്നതിനാൽ ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. കാന്റീൻ ജീവനക്കാരനോട് ക്വാറന്റീനിൽ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാഴ്‌സൽ വാങ്ങിയെന്ന് പറയുന്ന ഹോട്ടൽ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇയാൾ യാത്രചെയ്ത ആട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
താനൂരിലെയും പരിസരങ്ങളിലെയും മത്സ്യമാർക്കറ്റുകളിൽ മീൻ എത്തിക്കുന്നതിനാൽ ഇദ്ദേഹവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത് ശ്രമകരമായിരിക്കും. ജോലി ആവശ്യാർത്ഥം ആന്ധ്രാപ്രദേശിൽ പോയി ജൂൺ നാലിന് മടങ്ങിവന്ന ഇയാൾ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടർന്ന് 17-ന് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവപരിശോധനയ്ക്ക് വിധേയനായിരുന്നു.
അതിനിടെ ഇയാൾ തിരുവനന്തപുരത്തേക്കും യാത്ര നടത്തിയതായാണ് വിവരം. 28 ദിവസം ക്വാറന്റീനിൽ പോവണമെന്ന നിർദേശം അനുസരിക്കാതെയാണ് പലയിടങ്ങളിലും കറങ്ങിനടന്നത്. തിങ്കളാഴ്ച ഉച്ചയോടെ കൊവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതോടെയാണ് ഇയാൾ സ്വദേശത്തേക്ക് തിരിച്ചത്.
ഹാർബർ അടച്ച് ഇന്ന് രാവിലെ അഗ്നിശമന സേനയെത്തി അണുനശീകരണം നടത്തി. ദിവസങ്ങൾക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും കണ്ടെയിൻമെന്റ് സോൺ വരുന്നത്. കണ്ടെയിൻമെന്റ് സോണായതോടെ ഇവിടെ ഭക്ഷ്യ അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്ക് രാവിലെ എട്ട് മുതൽ അഞ്ച് മണിവരെ മാത്രമായിരിക്കും പ്രവർത്തന അനുമതി.