pic

തി​രുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രതവേണമെന്ന് ജില്ലാ കളക്ടർ. ജില്ലയിൽ കൂടുതൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളിലും തീരപ്രദേശങ്ങളിലുമാണ് പരിശോധന നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിൽ വാർ റൂം തുടങ്ങിയിട്ടുണ്ട്. സ്രവപരിശോധനയ്ക്ക് ഏഴ് മൊബൈൽ വണ്ടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും തലസ്ഥാനം സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നുമാണ് ജില്ലാ കളക്ടർ പറയുന്നത്.

വഞ്ചിയൂരിർ മരിച്ച രമേശന്റെ പരിശോധന വൈകിയെന്നും ഇക്കാര്യത്തിൽ മെഡിക്കൽ കോളേജിനും ജനറൽ ആശുപത്രിക്കും വീഴ്ചയുണ്ടായെന്ന് പറഞ്ഞ കളക്ടർ ഇക്കാര്യത്തിലുള്ള റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറുമെന്നും അറിയിച്ചു. നേരത്തേ ജില്ലയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനാൽ കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ചാല, പാളയം മാർക്കറ്റുകളിൽ പകുതി കടകൾ മാത്രമേ തുറക്കൂ. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നപടി സ്വീകരിക്കും. വീട്ടിൽ നിരീക്ഷണത്തിലുള്ളവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും.


തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച പതിമൂന്ന് പേരുടെ രോഗ ഉറവിടമാണ് അവ്യക്തമായി തുടരുന്നത്. ഒരാഴ്ച്ചയ്ക്കിടെ ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചത് ഏഴുപേർക്കാണ്.ഇതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.