covid-

തിരുവനന്തപുരം: പാട്ടുകേട്ടും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ചും രോഗികൾക്ക് ടെൻഷനില്ലാതെ കഴിയാൻ മെഡിക്കൽ കോളേജിലെ കൊവിഡ് വാ‌ർഡുകളിൽ എഫ്.എം റേഡിയോയും ലൈബ്രറിയും ഒരുങ്ങി. ഐസൊലേഷൻ വാർഡുകളിലെ താമസം രോഗികളിൽ ചിലരെയെങ്കിലും മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടുത്തുന്നുണ്ടെന്ന കണ്ടെത്തലാണ് കൂട്ടിന് റേഡിയോയും പുസ്തകങ്ങളുമെത്തിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.

കൊവിഡ് വാർഡിൽ രണ്ട് രോഗികൾ ജീവനൊടുക്കിയതിന് പിന്നാലെ ആശുപത്രി അധികൃതരിലുദിച്ച ആശയത്തിന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജടീച്ചറുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് പദ്ധതി യാഥാർത്ഥ്യമായത്. അമ്പത് കിടക്കകൾ വീതമുള്ള മൂന്നുവാർഡുകളെ തികച്ചും രോഗീസൗഹൃദത്തിന്റെ പ്രതീകങ്ങളായി മാറ്റി. ഓരോ വാർഡിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എഫ്.എം ചാനൽ ഉൾപ്പെടെയുള്ള മ്യൂസിക് സംവിധാനങ്ങളും അറിയിപ്പുകൾക്കായി മൈക്കുകളും സജ്ജമായി.

പുസ്തകവായന താൽപ്പര്യമുള്ളവർക്കായി ലൈബ്രറിയ്ക്കൊപ്പം വാർഡുകൾ പെയിന്റ് ചെയ്ത് നവീകരിക്കുകയും പുതിയ കിടക്കകൾ, യൂറോപ്യൻ ക്ലോസെറ്റ് എന്നിവ സ്ഥാപിക്കുകയും ചെയ്തു. കൊവിഡ് രോഗികൾക്കായുള്ള ചികിത്സാസംവിധാനമൊരുക്കിയ ആദ്യഘട്ടത്തിൽ സമ്പർക്കമൊഴിവാക്കാനായി കൊവിഡ് പ്രോട്ടോകോൾ പ്രകാരം കെ എച്ച് ആർ ഡബ്ള്യു എസിലെ പേവാർഡുകളിലാണ് ഐസൊലേഷൻ മുറികൾ തയ്യാറാക്കിയിരുന്നത്.

മുറികളിൽ ഒറ്റപ്പെട്ട് താമസിക്കുന്ന സാഹചര്യം രോഗികളിൽ മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നതായി സ്ഥിരീകരിച്ചതോടെയാണ് മാനസികോല്ലാസത്തിനുള്ള മപദ്ധതികൾ ആലോചിച്ചത്. പതിനാല്, ആറ്, അഞ്ച് വാർഡുകളാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. പുതിയ രോഗികൾ എത്തുന്ന മുറയ്ക്ക് അഞ്ചുവാർഡുകൾ കൂടി ഇത്തരം സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു.