തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി അഡ്വ.കെ.വി. മനോജ് കുമാറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അഭിമുഖത്തിൽ പങ്കെടുത്ത ജില്ലാ ജഡ്ജിമാർ അടക്കമുള്ളവരെ തള്ളിയാണ്, യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകി സി.പി.എം അനുഭാവിയും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ മനോജ് കുമാറിനെ നിയമിച്ചത്. സി.പി.എം ഏരിയാകമ്മിറ്റി അംഗമായിരുന്ന അന്തരിച്ച കെ.വി. ബാലന്റെ മകനാണ്. സാമൂഹ്യക്ഷേമമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായ സമിതിയാണ് അഭിമുഖപരീക്ഷയിൽ മനോജ് കുമാറിന് ഒന്നാം റാങ്ക് നൽകിയത്.
കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ, പാലക്കാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ടി. ഇന്ദിര എന്നിവരടക്കമാണ് അഭിമുഖത്തിൽ പിന്തള്ളപ്പെട്ടത്.
ജുഡിഷ്യൽ അധികാരമുള്ള ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള മനോജ് കുമാറിന്റെ നിയമനം മന്ത്രിസഭായോഗം ചർച്ചയ്ക്കെടുത്തപ്പോൾ സി.പി.ഐ മന്ത്രിമാരും എതിരഭിപ്രായമൊന്നും അറിയിച്ചില്ലെന്നാണ് വിവരം. യോഗ്യതാമാനദണ്ഡം പാലിക്കണമെന്ന് മുമ്പ് നിയമനനീക്കം ചർച്ചയായ വേളയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.അഭിമുഖപരീക്ഷയിൽ നിലവിലെ കമ്മിഷൻ അംഗം എം.പി. ആന്റണിക്ക് രണ്ടും ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന് മൂന്നും റാങ്കാണ് ലഭിച്ചത്. കുട്ടികളുടെ അവകാശസംരക്ഷണത്തിനും ക്ഷേമപ്രവർത്തനത്തിനും ദേശീയ, സംസ്ഥാന തലങ്ങളിൽ അവാർഡ്, അംഗീകാരം എന്നിവയ്ക്കൊപ്പം ഈ മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മനോജ് കുമാർ തലശ്ശേരിയിലെ ഒരു സ്കൂൾ പി.ടി.എയിൽ പ്രവർത്തിച്ചത് യോഗ്യതയിലുൾപ്പെടുത്തി. ആലപ്പുഴ, കല്പറ്റ കോടതികളിൽ പ്രവർത്തിക്കുമ്പോൾ നിരവധി പോക്സോ കേസുകളിൽ തീർപ്പ് കല്പിച്ച ജഡ്ജിയാണ് പഞ്ചാപകേശൻ. ഗവ. സെക്രട്ടറി തലത്തിലുള്ളവരെയാണ് ചെയർമാനായി പരിഗണിക്കേണ്ടതെന്ന് നിയമത്തിൽ പറയുന്നു. വിവിധ ജില്ലകളിലായി 72 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്താണ് ഓൺലൈൻ ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക തയ്യാറാക്കിയത്.