general-hospital

പേരൂർക്കട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലാകളക്ടർ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. ജില്ലയിൽ സ്രവ പരിശോധനയ്ക്കായി 14 ആശുപത്രികൾ സജ്ജമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. മെഡിക്കൽകോളേജ്, ജനറൽ ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി, നെയ്യാറ്റിൻകര ആശുപത്രി എന്നിവ ഉൾപ്പെടെയാണിത്. ജാഗ്രത തുടരണമെന്നും അവശ്യ യാത്രകൾ മാത്രം നടത്തണമെന്നും അനാവശ്യമായ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിന് രണ്ട് മൊബൈൽ വാനുകൾകൂടി ഇന്നലെ നിരത്തിലിറങ്ങി. ഇതോടെ സ്രവ പരിശോധനാ സംവിധാനത്തിനുള്ള വാനുകളുടെ എണ്ണം ഏഴായി. ഏതു താലൂക്ക് ഭാഗത്താണോ രോഗികളുടെ സാന്ദ്രത കൂടുതലാകുന്നത് ആ ഭാഗങ്ങൾ പ്രത്യേകം നിരീക്ഷിക്കും. ഇത്തരം പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുകയും രോഗികളുടെ സ്രവപരിശോധനയ്ക്ക് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. പൊതു ചന്തകൾ, ആശുപത്രികൾ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ പ്രത്യേക പ്രാധാന്യം നൽകി സ്രവപരിശോധന വ്യാപിപ്പിക്കും. യോഗത്തിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവരും പങ്കെടുത്തു.