തിരുവനന്തപുരം: 34-ാമത് അന്താരാഷ്ട്ര ആർക്കിടെക്ചർ കമ്മ്യൂണിറ്റിയുടെ ജൂറി അവാർഡിന് മലയാളിയായ ആർക്കിടെക്ട് ശ്രീജിത്ത് ശ്രീനിവാസ് അർഹനായി. തലസ്ഥാനത്ത് കാൻസർ രോഗചികിത്സയ്ക്ക് എത്തുന്നവർക്ക് സൗജന്യ താമസം ഒരുക്കുന്നതിനായി മലബാർ പ്രോവിൻസ് ഒ.സി.ഡിക്ക് വേണ്ടി ഇടപ്പഴിഞ്ഞിയിൽ പണിത ബെൻസിഗർ ഹോസ്‌പൈസ് ഹോം എന്ന പ്രോജക്ടാണ് അവാർഡിനർഹനാക്കിയത്. ശ്രീകാര്യം സ്വദേശിയായ ശ്രീജിത്ത് കവടിയാറിൽ ശ്രീജിത്ത് ശ്രീനിവാസ് ആർക്കിടെക്‌ട്സ് എന്ന പേരിൽ സ്വന്തം ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ്. 2000ൽ കോളേജ് ഒഫ് എൻജിനിയിറിംഗിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടിയ ശേഷമാണ് ഈ രംഗത്തേക്ക് ഇറങ്ങിയത്. അപ്പാർട്ട്‌മെന്റുകൾ, റസിഡൻഷ്യൽ ഹോമുകൾ, വ്യാവസായിക കെട്ടിടങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, കൺവെൻഷൻ സെന്ററുകൾ, റിസോർട്ടുകൾ തുടങ്ങിവയാണ് ശ്രീജിത്തും സംഘവും നിർമ്മിക്കുന്നത്. ബ്രിക് ഹൗസ് കേരളം എന്ന ശ്രീജിത്തിന്റെ നിർമ്മിതിക്ക് വേൾഡ് ആർക്കിടെക്ചർ അവാർഡും ലഭിച്ചിട്ടുണ്ട്. ഒരു നിയതരൂപം ഇല്ലാതെ തികച്ചും ലളിതമായ രീതിയിൽ ലക്ഷണമൊത്ത നിർമ്മിതികൾ രൂപപ്പെടുത്താനാണ് താൻ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് ശ്രീജിത്ത് പറഞ്ഞു.