job

തിരുവനന്തപുരം: കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്കിന്റെ പദ്ധതി നിർവഹണത്തിനായി കെ - ഫോൺ ലിമിറ്റഡിൽ ആറ് തസ്തികകളും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ (കെ.എസ്.ഐ.ടി.ഐ.എൽ) 16 സ്ഥിരം തസ്തികകളും പ്രോജക്ട് അധിഷ്ഠിതമായി 18 താത്കാലിക തസ്തികകളും കിലയിൽ മൂന്ന് തസ്തികളും ഉൾപ്പെടെ 43 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. താലൂക്ക്, ജില്ലാ ലൈബ്രറി കൗൺസിലുകളിൽ ജോലി ചെയ്തുവരുന്ന 46 പേരുടെ സർവീസ് റെഗുലറൈസ് ചെയ്യും.

കെ-ഫോൺ പദ്ധതിയിൽ മാനേജിംഗ് ഡയറക്ടർ, കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ഫിനാൻഷ്യൽ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് ഡയറക്ടർ, മാനേജർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

കെ.എസ്.ഐ.ടി.ഐ.എല്ലിൽ മാനേജിംഗ് ഡയറക്ടർ, ജനറൽ മാനേജർ, കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജർ (എസ്റ്റേറ്റ്), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) എന്നിവയുടെ ഓരോ തസ്തിക വീതവും ടെക്നിക്കൽ വിഭാഗത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവരുടെ 2 തസ്തികകൾ വീതവും ഡെപ്യൂട്ടി മാനേജരുടെ (ടെക്) 4 തസ്തികകളുമാണ് സ്ഥിരമായി സൃഷ്ടിക്കുക.

കിലയിൽ സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബൻ ചെയർ രൂപീകരിക്കും.