ജോഹന്നാസ്ബർഗ് : കൊറോണ വൈറസ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാകാനൊരുങ്ങി സൗത്ത് ആഫ്രിക്ക. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ച വാക്സിന്റെ ഹ്യൂമൻ ട്രയൽ ഈ ആഴ്ച തുടങ്ങുമെന്ന് ജോഹന്നാസ്ബർഗിലെ യൂണിവേഴ്സിറ്റി ഒഫ് വിറ്റ്‌വാട്ടർസ്രാന്റ് അറിയിച്ചു. 4,000 വോളന്റിയർമാരെ ട്രയലിനായി തിരഞ്ഞെടുത്തു കഴിഞ്ഞു.
വിറ്റ്‌വാട്ടർസ്രാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസേർച്ച് കൗൺസിൽ, ഇൻഫെക്ഷ്യസ് ഡിസീസ് അനലിറ്റിക്ക്സ് റിസേർച്ച് യൂണിറ്റ് എന്നിവ സംയുക്തമായാണ് വാക്സിൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച Ox1Cov - 19 വാക്സിനാണ് പരീക്ഷണത്തിനായി തയാറെടുക്കുന്നത്. ഇംഗ്ലണ്ടിലും ബ്രസീലിലും പരീക്ഷണത്തിന് തെരഞ്ഞെടുത്ത അതേ വാക്സിൻ പതിപ്പ് തന്നെയാണ് സൗത്ത് ആഫ്രിക്കയിലും ഉപയോഗിക്കുക.
1106,108 പേർക്കാണ് സൗത്ത് ആഫ്രിക്കയിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,102 പേർ മരിച്ചു. രാജ്യത്ത് വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സൗത്ത് ആഫ്രിക്കയെ വാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ നടക്കുന്ന പരീക്ഷണങ്ങളിലൂടെ ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമാണോ എന്ന് തിരിച്ചറിയാം.