വർക്കല: നഗരസഭാ കൗൺസിൽ യോഗത്തിലെ ഹാജർബുക്കിനെ ചൊല്ലി പ്രതിപക്ഷ കൗൺസിലർമാർ ബഹളവും വാക്കേറ്റവും. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങൾ. കൗൺസിലർമാരുടെ ഹാജർ ബുക്കിനെ ചൊല്ലി ഉണ്ടായ തർക്കം വാക്കേറ്റങ്ങളിൽ കലാശിക്കുകയും ചെയർപേഴ്സണെയും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ടിനെയും കോൺഗ്രസ്, ബി.ജെ.പി കൺസിലർമാർ മണിക്കൂറോളം ചെയർപേഴ്സന്റെ മുറിയിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
രാവിലെ 11ന് മൂന്നു വിഷയങ്ങളെ ഉൾപ്പെടുത്തി അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നു. യു.ഡി.എഫിലേയും എൽ .ഡി എഫിലേയും 6 അംഗങ്ങളാണ് കൗൺസിലിൽ ഹാജരായിരുന്നത്. മറ്റു കൗൺസിലർമാർ എത്തുന്നതിന് മുമ്പു തന്നെ തിടുക്കത്തിൽ അജണ്ട പാസാക്കി യോഗം പിരിച്ചുവിട്ടു. ഇതിനിടെ കൗൺസിലർമാരുടെ ഹാജർ ബുക്ക് കാണിക്കണമെന്ന് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർ സൂപ്രണ്ടിനോടും ചെയർപേഴ്സണോടും ആവശ്യപ്പെട്ടങ്കിലും നൽകാൻ വിസമ്മതിച്ചതോടെ പ്രതിക്ഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. വാക്കേറ്റവും ബഹളവും മൂർച്ചിച്ചതോടെ നഗരസഭ അധികൃതർ പൊലീസിൽ വിവരമറിയച്ചതിനെ തുടർന്ന് വർക്കല സി.ഐ ഗോപകുമാർ സ്ഥലത്തെത്തി മിനിട്സ് ബുക്കിന്റെ കസ്റ്റോഡിയനായ സൂപ്രണ്ടിനോട് മിനിട്സ് ബുക്ക് കൗൺസിലർമാർക്ക് കാണിച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഏറെ ചർച്ചകൾക്ക് ശേഷം പുതിയ ഒരു മിനിട്സ് ബുക്കിൽ പതിനൊന്ന് അംഗങ്ങൾ ഒപ്പിട്ട രേഖ കാണിച്ചു കൊടുത്തു. എന്നാൽ നാലര വർഷമായി ഉപയോഗിക്കുന്ന മിനിട്സ് ബുക്ക് അല്ല ഇതെന്നും ഇത് പുതുതായി ചമച്ചതാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഇതിന്റെ ആധികാരികത തെളിയിക്കാൻ നിയമപരമായി നീങ്ങാൻ പൊലീസ് കൗൺസിലർമാർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് പരാതി നൽകാൻ പ്രതിപക്ഷ അംഗങ്ങൾ തീരുമാനിച്ച് ഒന്നരയോടെ പ്രശ്നം താത്കാലികമായി അവസാനിച്ചു.