കിളിമാനൂർ: "ഏയ് ഓട്ടോ "എന്ന് വിളിക്കുമ്പോൾ വിളിപ്പുറത്ത് എത്തിയിരുന്ന ആട്ടോക്കാരുടെ ജീവിതം ദുരിതത്തിൽ. ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളെ പോലെ തിളങ്ങിയ "ആട്ടോ " തൊഴിലാളികൾക്കിന്ന് പ്രാരാബ്ദങ്ങളുടെ കഥ മാത്രമേ പറയാനുള്ളു. ലോക്ക് ഡൗൺ കാലത്ത് പൂർണമായും അടയ്ക്കപ്പെട്ടപ്പോൾ ദുരിതത്തിലായ തൊഴിലാളികൾ ഇളവുകൾ വന്നപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് നിരത്തിലേക്കിറങ്ങിയത്.
ഭൂരിഭാഗം ആളുകളും വായ്പ എടുത്താണ് ആട്ടോവാങ്ങിയിരിക്കുന്നത്. ബാങ്ക് മോറിട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെക്കിലും പലിശയും മുതലുമടക്കം നല്ലൊരു തുക അടയ്ക്കാൻ വേണ്ടി വരും. കൂലിക്ക് ഓടുന്നവരും ഇതുമാത്രം ഉപജീവനം ആക്കിയവർക്കും ഓടികിട്ടുന്ന തുക കൊണ്ട് വേണം വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും ലോൺ തിരിച്ചടവും വീട്ടു വാടകയും എല്ലാം നടത്താൻ. യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിൽ രാവിലെ എണ്ണയുമടിച്ചു സ്റ്റാൻഡിൽ എത്തിയാൽ വൈകിട്ടായാലും എണ്ണയ്ക്ക് മുടക്കിയ തുകയ്ക്ക് പോലും ഓട്ടം കിട്ടാത്ത അവസ്ഥയാണ്. ഇടിവെട്ടിയവന്റെ തലയിൽ പാമ്പു കടിച്ചതുപോലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയാണെങ്കിൽ റോക്കറ്റ് വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. സാമൂഹിക വ്യാപനം ഉണ്ടാകുമെന്ന ഭീതിയിൽ ആളുകൾ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതും രണ്ട് യാത്രക്കാരെ മാത്രമേ കയറാൻ അനുമതിയുള്ളതും കൂടുതൽ പ്രതിസന്ധിയിലാക്കി.