pvl

കാട്ടാക്കട: പുത്തൻകുടയും ബാഗും തൂക്കി ജണിലെ മഴയിൽ സ്കൂളുകളിലേക്ക് കുട്ടികൾ പോകുന്ന കാഴ്ച അജിക്ക് ആശ്വാസവും അതുപോലെ തന്നെ അഭിമാനവുമാണ്. എന്നാൽ പെട്ടെന്ന് തന്നെ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ. ലോകത്തെ മുഴുവൻ ഇരുട്ടിലാക്കിയ വൈറസിൽ അജിയുടെ പ്രതീക്ഷകളും മുങ്ങിപോയി. പൂവച്ചൽ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയിൽ എസ്.വി. അജികുമാർ 21ാം വയസിൽ മരത്തിൽ നിന്ന് വീണ് നടുവിന് ക്ഷതമേറ്റു. പൊട്ടിയ നട്ടെല്ലിൽ കമ്പികൾ ഇട്ടെങ്കിലും അരയ്ക്ക് താഴേക്ക് തളർന്നുപോയി. പ്രമേഹ രോഗിയായ ഭാര്യ രമ്യയ്ക്കും 65 കഴിഞ്ഞ കിടപ്പിലായ അമ്മയ്ക്കും അജിയാണ് ഏക ആശ്രയം. തന്റെ ഇനിയുള്ള ജീവിതം വീൽചെയറിൽ ആണെന്നറി‌ഞ്ഞിട്ടും ആരുടെമുന്നിലും കൈ നീട്ടാൻ അജി ഒരുക്കമല്ലായിരുന്നു. സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്താൻ ഈ നാൽപതുകാരൻ കുടകൾ നിർമ്മിച്ച് വിപണനം തുടങ്ങി. സ്‌കൂൾ തുറക്കുമ്പോൾ പ്രദേശവാസികൾ കുട്ടികൾക്ക് കുടയും ബാഗുമൊക്കെ വാങ്ങാൻ അജിയുടെ അടുത്ത് വരുമായിരുന്നു. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കാത്തതോടെ കുടകൾ ഒന്നും വിൽക്കാനാവാത്ത സ്ഥിതിയിലായി. അജിയുടെ ദുരിതം കേട്ടറിഞ്ഞ് സഹായവുമായി പെൻപോൾ സ്ഥാപകൻ സി. ബാലഗോപാൽ എത്തി. അദ്ദേഹം പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി അജി ഉണ്ടാക്കിയ കുടകൾ വാങ്ങാൻ സന്നദ്ധനായി. വിറ്റഴിക്കാൻ കഴിയാത്ത കുടകൾ 360 രൂപ നിരക്കിൽ 585 എണ്ണത്തിന് 2,10,​600 രൂപ നൽകി. തളരാത്ത മനസുമായി അജി നിർമ്മിച്ച വർണക്കുടകൾ "പ്രതീക്ഷ" ചാരിറ്റബിൾ ട്രസ്റ്റ് വിലയ്ക്ക് വാങ്ങി. ഈ കുടകളിനി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കൈമാറും. ഇന്നലെ നടന്ന ചടങ്ങിൽ പ്രതീക്ഷ പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, നാരായണ അയ്യർ, ഷാജി ദേവദാസ് എന്നിവർ പങ്കെടുത്തു.