k-surendran

തിരുവനന്തപുരം: പബ്ലിക്ക് സർവീസ് കമ്മിഷനെ പിണറായി സർക്കാർ പാർട്ടി കമ്മിഷനാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പി.എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസത പൂർണ്ണമായും തകർത്തു .യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ യുവജനവഞ്ചനയ്ക്കും നിയമന നിരോധനത്തിനുമെതിരെ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലിസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാറായിട്ടും നിയമനം നടത്തുന്നില്ല. ഗുണമേന്മയില്ലാത്ത ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ച് കെ.എ.എസ് പരീക്ഷ നടത്തിയ ശേഷം ഉത്തരക്കടലാസുകൾ മാന്വലായി പരിശോധിക്കുന്നത് ഗൂഢാലോചനയാണ്. ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ ഏറാൻമൂളികളായി മാറി.

ജനരോഷത്തിൽ നിന്നും സർക്കാരിനെ രക്ഷിക്കാൻ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയൻ കുന്നത്ത് സിനിമ ചർച്ചയാക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. യുവമോർച്ച സംസ്ഥാന നേതാക്കളായ ജെ.ആർ അനുരാജ് , ബി.എൽ അജേഷ്, അഖിൽ രവീന്ദ്രൻ , ബി.ജി വിഷ്ണു, ആർ.സജിത്ത് എന്നിവർ സംസാരിച്ചു.