ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാന്റ് പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് രണ്ടുവീതം സർവീസുകളുണ്ടാകും. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കും. ഇത്തരത്തിൽ യാത്രചെയ്യുന്നവരുടെ ഓഫീസിനു മുന്നിൽ സ്റ്റോപ്പുകൾ അനുവദിക്കും.

രാവിലെയും വൈകിട്ടുമായി യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിൽ ഈടാക്കും. തുടർച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുക്കാൻ 950 രൂപ നൽകണം. 15 ദിവസത്തേക്കുള്ള ടിക്കറ്റിന് 1400 രൂപയും, 20 ദിവസത്തേക്കുള്ള ടിക്കറ്റിന് 1800 രൂപയും, 25 ദിവസത്തേക്കുള്ള ടിക്കറ്റിന് 2200 രൂപയും നൽകണം. നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. ചടങ്ങിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജി. അനിൽകുമാർ, ഷറഫ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.