നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനമുണ്ടെന്ന് ആശങ്ക. ഇന്നലെ മാത്രം 33 പേർക്കാണ് ജില്ലയിൽ രോഗം കണ്ടെത്തിയത്. ഇതുവരെ 259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുകാണിയിലെ ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. വിരുദ്ധനഗറിൽ നിന്ന് പടന്താലുംമൂട്ടിലെത്തിയ സ്വകാര്യബാങ്ക് മാനേജരുടെ ഭാര്യയ്‌ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ മാനേജരെയും മകളെയും ആശാരിപ്പള്ളം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഐ.എസ്.ആർ.ഒയിൽ എൻജിനിയറായ ഉത്തർപ്രദേശ് സ്വദേശിക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് ഐ.എസ്.ആർ.ഒ കേന്ദ്രം താത്കാലികമായി അടച്ചു. 14 പേരിൽ രോഗം കണ്ടെത്തിയതോടെ തുത്തൂർ മേഖല കർശന നിരീക്ഷണത്തിലാക്കി. കളിയിക്കാവിള ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും രോഗമുണ്ട്. ഇവരിൽ പലരുടെയും രോഗബാധയുടെ ഉറവിടങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതോടൊപ്പം പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്ന സ്ഥലങ്ങളിൽ സൗകര്യമില്ലെന്നും പരാതിയുണ്ട്. പൊതുസ്ഥലങ്ങളിലെത്തുന്നവർ സാമൂഹിക അകലം പാലിക്കാത്തതും രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയുണ്ട്.