d

കൊച്ചി : കണ്ണൂർ ജില്ലയിലെ പാനൂരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അദ്ധ്യാപകൻ കെ. പദ്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. സംഭവത്തെത്തുടർന്ന് കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് ഹാജരാക്കാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. മാനസികസമ്മർദം നേരിടുന്ന കുട്ടിക്ക് കൗൺസലിംഗ് തുടരുകയാണെന്നും ഇതിനാൽ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിന് അതീവ ഗൗരവമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കഴിഞ്ഞ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ പ്രതി കുട്ടിയെ സ്കൂളിലെ ബാത്ത് റൂമിൽ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബി.ജെ.പി നേതാവായ പ്രതി പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടതിനെ ചൊല്ലി ചില രക്ഷിതാക്കൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും ഇതേത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.