വർക്കല: പ്രവാസികളുടെ മടങ്ങിവരവിന് നോൺകൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന എടുത്ത് കളഞ്ഞത് കേരളത്തിലും പ്രവാസനാടുകളിലും ഉയർന്ന പ്രതിഷേധങ്ങളുടെയും ഭരണവിരുദ്ധ വികാരത്തിന്റെയും ഫലമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി . പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് മുൻ എം.എൽ.എ വർക്കലകഹാർ നടത്തിയ ഉപവാസസമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെ രാഷ്ട്രീയമാണ് കേരളത്തിൽ മുഖ്യമന്ത്റി പയറ്റുന്നത്. . രോഗവ്യാപനത്തിന്റെ ഉത്തരവാദിത്വം പ്രവാസി മലയാളികളിൽ കെട്ടിവയ്ക്കുവാനുളള നീക്കവും നടക്കുന്നു. ഒരു പ്രയോജനവുമില്ലാത്ത നോർക്കയും ലോകകേരളസഭയും പിരിച്ചുവിടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കല കഹാറിന് നാരങ്ങാനീരുനൽകി എൻ.കെ.പ്രേമചന്ദ്രൻ ഉപവാസം അവസാനിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.എം.താഹ, അഡ്വ. ബി.ഷാലി, എൻ.സുദർശനൻ, പി.വിജയൻ, ജിഹാദ്, എസ്.ജയശ്രീ, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ, വർക്കല കഹാർ തുടങ്ങിയവർ സംസാരിച്ചു.