തിരുവനന്തപുരം: തലസ്ഥാനത്ത് ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കളക്ടർ നവജ്യോത് ഖോസ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റിൽ ജില്ലാതല വാർ റൂം ആരംഭിച്ചതായും കളക്ടർ പറഞ്ഞു. ആരോഗ്യപ്രവർത്തകർ അടക്കമുള്ള വിദഗ്ദ്ധർ 24 മണിക്കൂറും വാർ റൂം ഭാഗമായി പ്രവർത്തിപ്പിക്കും. ജില്ലയിലെ സ്ഥിതിവിവരങ്ങൾ അവലോകനം ചെയ്‌ത് അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദ്യപടിയായി താലൂക്കുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ വർദ്ധിപ്പിക്കും. ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ ഡോക്ടർമാർക്കും കൊവിഡ് സംബന്ധിച്ച പ്രത്യേക പരിശീലനം നൽകും.
രോഗലക്ഷണം പ്രകടമാകുന്നവർ ഫോണിലൂടെ ഡോക്ടറുടെ സേവനം തേടണം. ആവശ്യമെങ്കിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താൻ പാടുള്ളൂ. 1077ൽ വിളിച്ച് കൊവിഡ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. കടകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് തടയുന്നതിനുള്ള നടപടികളോട് എല്ലാവരും സഹകരിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും കളക്ടർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ പി.പി. പ്രീത, ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.