war-room

തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷകൾ നടത്താൻ എല്ലാ കോളേജുകളിലും വാർ റൂമുകളും ആരോഗ്യ പരിശോധനയുമൊരുക്കി സാങ്കേതിക സർവകലാശാല. 26 മുതൽ മുതൽ ഹോണേഴ്സ്, ജൂലായ് ഒന്ന് മുതൽ ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നടത്തുക. പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിലാണ് 'വാർ റൂം'. പരീക്ഷ സെന്റർ മാ​റ്റം ലഭ്യമാക്കിയതിനാൽ സംശയ നിവാരണത്തിന് വാർ റൂമിൽ ബന്ധപ്പെടാമെന്ന് കൺട്രോളർ ഡോ. വി സുരേഷ് ബാബു അറിയിച്ചു. വിശദാംശങ്ങൾ പോർട്ടലിലൂടെ മനസിലാക്കണം. എന്നാൽ എം.ബി.എ ടി5 എക്സാമിന് സെന്റർ മാറ്റമുണ്ടായിരിക്കുന്നതല്ല. കണ്ടെയ്ൻമെന്റ്, ഹോട്സ്‌പോട്ട് സോണുകളിലെ കോളേജുകളിലും പരീക്ഷ നടത്തിപ്പിന് മാ​റ്റമുണ്ടാകില്ല. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനറുകൾ ഉപയോഗിക്കും. സാനിറ്റൈസറുകൾ ലഭ്യമാക്കും. ഹാൾ ടിക്ക​റ്റുകൾ പരീക്ഷയെഴുതുന്ന കോളേജിൽ നിന്ന് നൽകും. ക്വാറന്റൈനിലുള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും പ്രത്യേകമായി പരീക്ഷയെഴുതിക്കും. വിശദമായ നിർദേശങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിലുണ്ട്.

കോപ്പിയടിച്ചാൽ ഇങ്ങനെ

പരീക്ഷക്കിടയിൽ കോപ്പിയടിക്ക് പിടിക്കപ്പെട്ട കുട്ടികളെ ഇറക്കി വിടാൻ പാടില്ലെന്ന് സർവകലാശാല നിർദ്ദേശിച്ചു. പകരം പുതിയൊരു ഉത്തരക്കടലാസിൽ കുട്ടിയെ പരീക്ഷ എഴുതിക്കണം. സെന്റർ മാ​റ്റം വാങ്ങി വന്ന വിദ്യാർത്ഥികൾ കോപ്പിയടിക്ക് പിടിക്കപ്പെട്ടാൽ അന്വേഷണം നടത്തുന്നത് യൂണിവേഴ്സി​റ്റി ആയിരിക്കും.