തിരുവനന്തപുരം : വില്ലേജാഫീസർമാരുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ അനുകൂല യൂണിയനായ കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സറ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ധനകാര്യ മന്ത്രിയുടെ ആലപ്പുഴയിലെ ഓഫീസിലേക്ക് സ്വാഭിമാന മാർച്ച് നടത്തി. തിരുവനന്തപുരത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള സ്വാഭിമാന മാർച്ച് ഒഴിവാക്കിയതിനെ തുടർന്നാണ് ആലപ്പുഴയിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സർക്കാരിന്റെ നയപരമായ വിഷയങ്ങളിൽ പൊതു മാധ്യമങ്ങളിലൂടെ പ്രതികരിച്ച് അധികാര ദുർവിനിയോഗം നടത്തിയ ധനമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ യോഗം കെ.ആർ.ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു.