തിരുവനന്തപുരം: ഡെങ്കിപ്പനിയും മറ്റു പകർച്ച വ്യാധികളും തടയുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് തോട്ടങ്ങളിലെ ഉറവിട നശീകരണം ഇന്ന് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിലും അല്ലാതെയും കാമ്പെയിൻ നടത്തും. റബർ തോട്ടങ്ങളിലെ ലാറ്റക്‌സ് കപ്പുകൾ, ചിരട്ടകൾ, റെയിൻ ഗാർഡ് എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. വെട്ട് കഴിഞ്ഞ മരങ്ങളിലെ കപ്പുകൾ കമിഴ്ത്തി വയ്ക്കണം. കമുകിൻ തോട്ടങ്ങളിലെ ഉപയോഗ ശൂന്യമായ പാളകൾ, കൊക്കോ തോട്ടത്തിലെ തോടുകൾ തുടങ്ങിയവ നശിപ്പിക്കുക. പൈനാപ്പിൾ ചെടികളുടെ ഇലകൾക്കിടയിൽ മഴവെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിടാൻ സാദ്ധ്യതയുള്ളതിനാൽ ടെമീഫോസ്, ബി ടി.ഐ, ടെമീഫോസ് ഗ്രാന്യൂൾസ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉപയോഗിച്ച് കൂത്താടി നശീകരണം നടത്തുക എന്നിങ്ങനെയാണ് കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം.