നെടുമങ്ങാട് :ഓൺലൈൻ പഠനസൗകര്യമില്ലാത്ത രണ്ടു വിദ്യാർത്ഥികൾക്ക് അമ്മയുടെ ഓർമ്മദിനത്തിൽ ടെലിവിഷനും ഡിഷും നൽകി എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഐശ്വര്യയ്ക്കും സഹോദരൻ അശ്വിനുമാണ് മീനാങ്കൽ കുമാറും കുടുംബവും പഠന സൗകര്യം ഒരുക്കി നൽകിയത്.വനംവകുപ്പിന്റെ നേതൃത്വത്തിൽ ടെലിവിഷൻ കൈമാറുന്ന ചടങ്ങിൽ ട്രൈബൽ ഹൈസ്കൂളിൽ പങ്കെടുത്തപ്പോഴാണ് വിതുര മേമലയിലെ പഴവുണ്ണിപ്പാറയിൽ താമസിക്കുന്ന മധു ആചാരി - സിന്ധു ദമ്പതികളുടെ മക്കളായ ഐശ്വര്യയുടെയും അശ്വിന്റെയും പഠനത്തിനുള്ള ബുദ്ധിമുട്ട് മീനാങ്കൽ കുമാർ അറിയുന്നത്. തുടർന്നാണ് മീനാങ്കൽ കുമാർ മാതാവ് ആർ.സരളാദേവിയുടെ ഓർമ്മദിനത്തിൽ കുടുംബാംഗങ്ങളുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി ടെലിവിഷൻ കൈമാറിയത്. എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗവും സഹോദരുമായ മീനാങ്കൽ സന്തോഷും ഒപ്പമുണ്ടായിരുന്നു.