aerospace

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ, വ്യവസായ മേഖലയിൽ സ്വകാര്യ സംരംഭകർക്ക് കൂടുതൽ അവസരം നൽകുന്നതിനുള്ള നയത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രൊമോഷൻ ആൻഡ് ഒാതറൈസേഷൻ സെന്ററിന് (ഇൻ- സ്പെയ്സ്) കേന്ദ്രമന്ത്രിസഭ ഇന്നലെ അനുമതി നൽകി.

നിലവിൽ ഇതിനെല്ലാമായി ഐ.എസ്.ആർ.ഒ മാത്രമാണുള്ളത്. പുതിയ അധികാരകേന്ദ്രം സ്ഥാപിക്കുന്നതാണ് ഇൻ- സ്പെയ്സ്. യൂറോപ്പിനെയും അമേരിക്കയെയും പോലെ സ്വകാര്യ സ്പെയ്സ് ഏജൻസികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം. നിലവിൽ സ്പെയ്സ് കമ്മിഷൻ, പ്രധാനമന്ത്രിയുടെ സ്പെയ്സ് ഉപദേശകൻ, സ്പെയ്സ് സെക്രട്ടറി തുടങ്ങിയ പദവികൾ ഐ.എസ്.ആർ.ഒ ചെയർമാനാണ് വഹിക്കുന്നത്. ഇൻ സ്പെയ്സ് വരുന്നതോടെ ഇതിനെല്ലാം മാറ്റമുണ്ടായേക്കും. സ്വകാര്യസ്ഥാപനങ്ങളുടെ ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതും ഐ.എസ്.ആർ.ഒയാണ്. അത് ഇൻ- സ്പെയ്സിലേക്കു മാറും.

ബഹിരാകാശ സ്വകാര്യവത്കരണം നാൾവഴി

2020 ഏപ്രിൽ10 നിതിൻഗഡ്ഗരി സമിതിയുടെ ശുപാർശ

2020 മേയ് 16 കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം

2020 മേയ് 20 പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി

2020 ജൂൺ 2 സ്പെയ്സ് കമ്മിഷൻ അംഗീകാരം

2020 ജൂൺ 24 കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇൻ - സ്പെയ്സിന്റെ സ്ഥാനം

#ഐ.എസ്.ആർ.ഒ.യിൽ നിന്ന് സ്വതന്ത്രമായ അധികാരവും സ്ഥാനവും

#പ്രത്യേക ചെയർമാനും അഞ്ച് ബോർഡ് അംഗങ്ങളും

#ഗവേഷണം, റോക്കറ്റ് നിർമ്മാണം, ഉപഗ്രഹവിക്ഷേപണം, മറ്റ് ബഹിരാകാശദൗത്യങ്ങൾ എന്നിവയ്ക്ക് അനുമതി നൽകാൻ അധികാരം

#അനുബന്ധമായി ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും സജ്ജമാകും

''തിരുവനന്തപുരത്തെ സ്പെയ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങുന്ന മിടുക്കർക്ക് ഗവേഷണ,വ്യവസായ,മേഖലകളിൽ കൂടുതൽ അവസരം ലഭിക്കും. പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി ഉറപ്പ്

-കേന്ദ്രമന്ത്രി ജിതേന്ദ്രപ്രസാദ്

ഐ.എസ്.ആർ.ഒയെ ബാധിക്കില്ല

ഐ.എസ്.ആർ.ഒ.യുടെ പ്രവർത്തനത്തെയോ ലക്ഷ്യങ്ങളെയോ പദ്ധതികളെയോ ഇൻ- സ്പെയ്സ് ബാധിക്കില്ല. ഐ.എസ്.ആർ.ഒയുടെ നയങ്ങൾക്ക് അനുസൃതമാണ് പുതിയ സ്ഥാപനം. ചെറുതും വലുതുമായ സംരംഭകർക്ക് കൂടുതൽ അവസരങ്ങളുണ്ടാകും.

-ഡോ.കെ. ശിവൻ, ഐ.എസ്.ആർ.ഒ ചെയർമാൻ