ppe-kit-

തിരുവനന്തപുരം: കൊവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക്​ വിമാനങ്ങളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കി. അവർ പി.പി.ഇ കിറ്റ് ധരിക്കണം. ഇതുൾപ്പെടെ എല്ലാ പ്രവാസികളുടെയും വിമാനയാത്രയ്ക്കുള്ള സുരക്ഷാ മാർഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു.

ഇതുപ്രകാരം പരിശോധന ഇല്ലാത്ത സൗദി അറേബ്യയിൽ നിന്നുള്ളവരും കുവൈറ്റിൽ ടെസ്റ്റിന് സൗകര്യമില്ലാത്തവരും വിമാനത്തിൽ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം. മാർഗനിർദ്ദേശങ്ങൾ ഇന്ന് നിലവിൽ വരും.

കൊവിഡ് സർട്ടിഫിക്കറ്റ് നിബന്ധന പ്രതിപക്ഷത്തിന്റെയും ചില പ്രവാസി സംഘടനകളുടെയും എതിർപ്പിനിടയാക്കിയ സാഹചര്യത്തിലാണ് ഇളവ്.

എന്നാൽ കൊവിഡ് പരിശോധന നിർബന്ധമെന്നത് തന്നെയാണ് സർക്കാർ നിലപാടെന്നും കേന്ദ്രസർക്കാർ പ്രായോഗിക തടസം പറഞ്ഞതിനാലും നമ്മുടെ ആളുകൾക്ക് വരാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കാനുമാണ് ഇളവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ടെസ്റ്റ് നടത്താൻ ആത്മാർത്ഥമായി ശ്രമിക്കണം. ടെസ്റ്റ് സർട്ടിഫിക്കറ്റ് അവർ കൈയിൽ കരുതണം. യാത്രയ്‌ക്ക് 72 മണിക്കൂർ മുമ്പ് പരിശോധന വേണം. ടെസ്റ്റിന്റെ സാധുത 72മണിക്കൂറാകണം. എല്ലാ യാത്രക്കാരും കൊവിഡ് -19 ജാഗ്രതാസൈറ്റിൽ രജിസ്റ്റർ ചെയ്യണം. എത്തിച്ചേരുന്ന വിമാനത്താവളത്തിൽ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ കൂടുതൽ പരിശോധനയ്‌ക്ക് ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്തവർ രോഗലക്ഷണമില്ലെങ്കിലും ഇവിടെ വിമാനത്താവളത്തിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവർ ആർ.ടി.പി.സി.ആർ, ജീൻ എക്സ്‌പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയരാകണം. ഫലം എന്തായാലും എല്ലാവരും 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റ് നിർദ്ദേശങ്ങൾ:

- എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, കൈയുറ ധരിക്കണം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ വേണം.

- ഖത്തറിൽ നിന്നുള്ളവർക്ക് ആ രാജ്യത്തിന്റെ മൊബൈൽ ആപ്പായ എഹ്‌ത്രാസിൽ ഗ്രീൻ സ്റ്റാറ്റസ് വേണം. ഇവിടെയെത്തിയാലും ടെസ്റ്റ്.

-യു.എ.ഇയിൽ നിന്നുള്ളവർക്ക് ടെസ്റ്റ് റിസൾട്ട് നിർബന്ധം. അവർക്ക് അവിടെ ആന്റിബോഡി ടെസ്റ്റുണ്ട്.

-ഒമാൻ, ബഹ്റിൻ യാത്രക്കാർ എൻ 95 മാസ്‌ക്, ഫെയ്സ് ഷീൽഡ്, കൈയുറ ധരിക്കണം. സാനിറ്റൈസറും വേണം.

-സൗദി അറേബ്യയിൽ നിന്നുള്ളവർ എൻ 95 മാ‌സ്‌ക്, ഫെയ്സ് ഷീൽഡ്, കൈയുറ എന്നിവയ്ക്ക് പുറമേ പി.പി.ഇ കിറ്റ് ധരിക്കണം.

-കുവൈറ്റിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവർ പി.പി.ഇ കിറ്റ് ധരിക്കണം.

-ഇരുരാജ്യക്കാർക്കും ഇവിടെ വിമാനത്താവളത്തിൽ കൊവിഡ് ടെസ്റ്റ്.

-ആരോഗ്യവിഭാഗം അനുവദിച്ച ശേഷമേ പുറത്ത് പോകാവൂ.

-യാത്രക്കാരുടെ പി.പി.ഇ കിറ്റ്, കൈയുറ, മാസ്ക് എന്നിവ വിമാനത്താവളത്തിൽ വച്ച് ആരോഗ്യപ്രവർത്തകർ നീക്കും.

-സർക്കാർ നിബന്ധന ലംഘിച്ചാൽ കേസെടുക്കും.

-വിദേശമന്ത്രാലയത്തെയും എംബസികളെയും ഇക്കാര്യമറിയിക്കും.