biju

വെഞ്ഞാറമൂട്: വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽക്കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. വെള്ളുമണ്ണടി ബാലൻ പച്ച പുലയരുകുന്ന് വീട്ടിൽ ബിജുവിനെയാണ്(42) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പുലയരു കുന്നിൽ വീട്ടിൽ വാസുദേവൻ (80), ഭാര്യ സരസ്വതി അമ്മ (75)എന്നിവരെയാണ് ഞായറാഴ്ച വിഷം ഉള്ളിൽ ചെന്ന നിലയിൽ വീട്ടിൽ കണ്ടെത്തിയത്. അറസ്റ്റിലായ ബിജു ആ ദിവസം ദമ്പതികളെ പരസ്യമായി മർദ്ദിച്ചിരുന്നു. വസ്തു സംബന്ധമായ വഴക്കായിരുന്നു പ്രകോപനം. ഇതിൽ മനം നൊന്താണ് രാത്രിയിൽ ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കാണിച്ച് ബന്ധു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികൾ അപകട നില തരണം ചെയ്തിട്ടില്ല. വെഞ്ഞാറമൂട് സി. ഐ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, സിനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു ബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ റിമാൻഡുചെയ്തു.