ലാലിഗയിൽ ബിൽബാവോയെ തോൽപ്പിച്ച് ബാഴ്സലോണ
33-ാം പിറന്നാൾ ഗോളടിച്ചാഘോഷിക്കാനാകാതെ മെസി
ബാഴ്സലോണ 1- ബിൽബാവോ 0
മാഡ്രിഡ് : കരിയറിലെ 700-ാം ഗോളെന്ന നാഴികക്കല്ല് പിന്നിട്ട് 33-ാം പിറന്നാൾ ആഘോഷിക്കാമെന്ന സൂപ്പർ താരം ലയണൽ മെസിയുടെ മോഹം സഫലമായില്ലെങ്കിലും അത്‌ലറ്റിക്കോ ബിൽബാവോയ്ക്ക് എതിരായ സ്പാനിഷ് ലാലിഗ മത്സരത്തിൽ ബാഴ്സലോണയ്ക്ക് വിജയം.
ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഇവാൻ റാക്കിറ്റിച്ചാണ് 71-ാം മിനിട്ടിൽ സ്കോർ ചെയ്തത്. മെസിയുടെ പാസിൽനിന്നായിരുന്നു റാക്കിറ്റിച്ചിന്റെ ഗോൾ.
മത്സരത്തിൽ കൂടുതൽ സമയവും പന്ത് ബാഴ്സലോണയുടെ കൈവശമായിരുന്നുവെങ്കിലും കിട്ടിയ അവസരങ്ങൾ മിക്കതും ഫലപ്രാപ്തിയിലെത്തിക്കാൻ ബാഴ്സയ്ക്ക് കഴിയാതെ പോയതിനാലാണ് വിജയമാർജിൻ നേർത്തുപോയത്. കളിതീരുന്നതിന് തൊട്ടുമുമ്പും മെസി നല്ലൊരു അവസരം പാഴാക്കിയിരുന്നു.
ഇൗ വിജയത്തോടെ 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റായ ബാഴ്സലോണ റയൽ മാഡ്രിഡിൽ നിന്ന് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. എന്നാൽ 30 കളികളിൽനിന്ന് 65 പോയിന്റുള്ള റയൽ മയ്യോർക്കയുമായുള്ള അടുത്ത മത്സരത്തിൽ വിജയിച്ചാൽ വീണ്ടും മുന്നിലെത്തും. 31 കളികളിൽനിന്ന് 55 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാംസ്ഥാനത്ത്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
ടോട്ടൻ ഹാമിന് ജയം
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ടോട്ടൻഹാം 2-0 ത്തിന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 64-ാം മിനിട്ടിൽ സൗസെക്കിന്റെ സെൽഫ് ഗോളിലൂടെയാണ് ടോട്ടൻ ഹാം മുന്നിലെത്തിയത്. 82-ാം മിനിട്ടിൽ ക്യാപ്ടൻ ഹാരികേനാണ് രണ്ടാം ഗോൾ നേടിയത്. പരിക്ക് മാറിയ കേനിന്റെ മടങ്ങിവരവ് മത്സരമായിരുന്നു ഇത്.ക്ളബിനായി കേൻ പ്രിമിയർ ലീഗിൽ 200 മത്സരങ്ങൾ തികയ്ക്കുകയും ചെയ്തു.
ഇൗ വിജയത്തോടെ 31 കളികളിൽ നിന്ന് 45 പോയിന്റായ ടോട്ടൻ ഹാം ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. 30 കളികളിൽ നിന്ന് 83 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
നാപ്പോളിക്ക് ജയം
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ നാപ്പോളി 2-0 ത്തിന് ഹെല്ലാസ് വെറോണയെ കീഴടക്കി. മിലിക്ക്, ലൊസാനോ എന്നിവർ നേടിയ ഗോളുകൾക്കാണ് നാപ്പോളിയുടെ ജയം. ലീഗിൽ 27 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള നാപ്പോളി ആറാം സ്ഥാനത്താണ്. കഴിഞ്ഞവാരം സെരി എയിലെ ഒന്നാംസ്ഥാനക്കാരായ യുവന്റസിനെ ഫൈനലിൽ കീഴടക്കി നാപ്പോളി കോപ്പ ഇറ്റാലിയ ജേതാക്കളായിരുന്നു.
ബംഗ്ളാദേശിന്റെ ലങ്കൻ
പര്യടനം നീട്ടിവച്ചു
ദുബായ് : അടുത്തമാസം നടത്താനിരുന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവച്ചതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ബംഗ്ളാദേശ് ശ്രീലങ്കയിൽ കളിക്കാനിരുന്നത്.
ഡേവിഡ് ലൂയിസ്
ആഴ്സനലിൽ തുടരും
ലണ്ടൻ : ബ്രസീലിയൻ ഡിഫൻഡർ ഡേവിഡ് ലൂയിസ് ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനലുമായുള്ള കരാർ ഒരുവർഷത്തേക്ക് കൂടിനീട്ടി. ക്ളബിന്റെ മറ്റ് ഡിഫൻഡർമാരായ പാബ്ളോ മാരി, സെഡ്രിക് സോറസ് എന്നിവർക്ക് സ്ഥിരം കരാർ നൽകിയതായും ക്ളബ് അറിയിച്ചു.