delhi-airport

തിരുവനന്തപുരം: വിദേശത്തുനിന്ന് ധാരാളം മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ഐ.പി.എസ് ഓഫീസർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐ.ജി തുമ്മല വിക്രമിനാണ്. ഡോ. ദിവ്യ വി. ഗോപിനാഥ്, വൈഭവ് സക്‌സേന എന്നിവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നവനീത് ശർമ്മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നൽകി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല ചൈത്ര തെരേസ ജോണിനാണ്. യതീഷ് ചന്ദ്ര, ആർ. ആനന്ദ് എന്നിവർക്കാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതല. വിമാനത്താവളങ്ങളിൽ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് രോഗബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ടെക്നിക്കൽ വിഭാഗത്തിലേതടക്കം എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മുതൽ സേവനസജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. സ്​റ്റേ​റ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യൽ യൂണി​റ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് ലഭ്യമാക്കും. ഇവർ ഇന്ന് രാവിലെ ജില്ലാ പൊലീസ് മേധാവിമാരോട് റിപ്പോർട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്റെ ചുമതല ബ​റ്റാലിയൻ വിഭാഗം എ.ഡി.ജി.പിക്കാണ്.