തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 16 ക്ഷേമനിധി ബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തും.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും.
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡുമായി ചേർക്കും. കേരള ബീഡി ആൻഡ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായുമാണ് സംയോജിപ്പിക്കുക.
ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലതിന്റെയും നിലനിൽപ്പ് പ്രയാസമായിട്ടുണ്ട്.
ഈ പ്രശ്നം പഠിക്കാൻ ലേബർ കമ്മിഷണർ അദ്ധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.