02

പോത്തൻകോട്: ആർ.എസ്.എസ് നന്നാട്ടുകാവ് മണ്ഡലം കാര്യവാഹ് പന്തലക്കോട് ശാന്തി ഭവനിൽ ശ്രീകുമാറിന്റെ (രാകേഷ്, 27) വീടിനുമുന്നിൽ റീത്ത് വച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് റീത്ത് കണ്ടത്. തുടർന്ന് ശ്രീകുമാർ പോത്തൻകോട് പൊലീസിൽ വിവരം അറിയിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, പോത്തൻകോട് സി.ഐ ഗോപി, എസ്.ഐമാരായ അജീഷ്, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഈ ഭാഗത്ത് നേരത്തെ സി.പി.എം - ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി സംസ്ഥാന ട്രഷർ ജെ.ആർ. പത്മകുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ സെക്രട്ടറി എം. ബാലമുരളി, ആർ.എസ്.എസ് നേതാക്കളായ സന്തോഷ്, മഹേഷ്, സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനൻ, ബി.ജെ.പി നേതാക്കളായ പള്ളിപ്പുറം വിജയകുമാർ, മുരളീകൃഷ്ണൻ, ഉദയകുമാർ, സ്വപ്നാസുദർശൻ, വെമ്പായം സുരേഷ്, ഗ്രാമപഞ്ചായത്തംഗം ബി.എസ്. പ്രസാദ്, സുഗതകുമാരി എന്നിവർ ശ്രീകുമാറിന്റെ വീട് സന്ദർശിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ സി.പി.എം ശ്രമിക്കുന്നതായി നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.