തിരുവനന്തപുരം: നഗരത്തിൽ പുതുതായി കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കരിക്കകം,കടകംപള്ളി വാർഡുകളിൽ ശക്തമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഈ വാർഡുകളിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.കരിക്കകം വാർഡിലേക്ക് വരുന്ന പ്രദേശങ്ങളായ വേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ജംഗ്ഷൻ,വെൺപാലവട്ടം സമേതി ജംഗ്ഷൻ,ബൈപാസ് റോഡിലെ കരിക്കകം ബ്രിഡ്ജ് ജംഗ്ഷൻ,ഇരുമ്പുപാലം ജംഗ്ഷൻ എന്നിവിടങ്ങളാണ് അടച്ചത്.കടകംപള്ളി വാർഡിലെ വെൺപാലവട്ടം ആനയറ റോഡ്, ഇടത്തറ പാലം, പേട്ട മെയിൻ റോഡിൽ നിന്നും വെൺപാലവട്ടത്തേക്ക് പോകുന്ന ഭഗത്‌സിംഗ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളും പൂർണമായും അടച്ചു. ഈ വാർഡുകൾക്ക് പുറമേ കാലടി, ആറ്റുകാൽ, മണക്കാട് ചിറമുക്ക്,ഐരാണിമുട്ടം എന്നീ സ്ഥലങ്ങളും നഗരത്തിലെ കണ്ടയിൻമെന്റ് സോണുകളാണ്. പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എല്ലവരും പാലിക്കണമെന്നും വിലക്കു ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് തലസ്ഥാനത്ത് 37 കടകൾ പൂട്ടിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. നഗരത്തിലെ വിവിധ സ്‌റ്റേഷൻ പരിധികളിൽ കടകൾക്കെതിരെയും തട്ടുകടകൾക്കെതിരെയും രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ കോർപറേഷൻ സെക്രട്ടറിക്ക് കൈമാറി. വരും ദിവസങ്ങളിലും സാമൂഹിക അകലം പാലിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കും. ലോക്ക് ഡൗൺ ലംഘിച്ച 48 പേർക്കെതിരെ കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 10 വാഹനങ്ങളുടെ ഉടമകൾക്കെതിരെയും നടപടിയെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 181 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഈ സോണിൽ അടച്ചിടണം

വാഹനങ്ങൾക്കും ആളുകൾക്കും കണ്ടയിൻമെന്റ് സോണിലേക്ക് പ്രവേശനം ഇല്ല

അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പരിശോധന കേന്ദ്രങ്ങൾ വഴി മാത്രമേ യാത്ര അനുവദിക്കൂ

ഭഗത്‌സിംഗ് ജംഗ്ഷൻ, ചാക്ക ആറ്റുവരമ്പ് റോഡിലെ ഇരുമ്പുപാലം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ