കോട്ടയം: കടുത്തുരുത്തിയിൽ പിടിച്ച 60 കിലോ കഞ്ചാവിന് പണം നൽകിയ ഗുണ്ടാത്തലവൻ അലോട്ടി (ജെയിസ്‌മോൻ ജേക്കബ് -27), ലോറി ഉടമ നീലിമംഗലം അപ്പു (നിബുമോൻ - 29) എന്നിവരെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂൺ 17 നാണ് ആന്ധ്രയിൽ നിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ 60 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. തെള്ളകം കളപ്പുരയ്ക്കൽ ജോസ് (40), തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെ അന്ന് പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കും ലോറി ഉടമ അപ്പുവിനുമായാണ് കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്തിയത്.
വാറ്റു ചാരായം കൈവശം വച്ച ചെയ്ത കേസിൽ അലോട്ടി പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കോടതിയുടെ അനുമതിയോടെ അലോട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്നാണ് അപ്പുവിനെ കുറുപ്പന്തറ ഭാഗത്തു നിന്നു പിടികൂടിയത്.