cm

തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത് കാരണം, വിദേശത്ത് മലയാളികളാരും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .വിദേശരാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുന്നവർ അവിടെ താമസിക്കുന്നവരെക്കുറിച്ച് ഓർത്തോയെന്നും, ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിച്ച കേരളീയരുടെ ചിത്രം പ്രസിദ്ധീകരിച്ച് ഇന്നലെ ഒരു പത്രം നൽകിയ വാർത്തയെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

"ഓരോ നാട്ടിലും ലഭ്യമായ ചികിത്സാസൗകര്യങ്ങൾ ആ നാട്ടിലുള്ളവർക്കെല്ലാം ലഭിക്കുന്നുണ്ട്. അവിടെയെല്ലാം കേരളീയർ ഇപ്പോഴും ജീവിക്കുന്നു. ആ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോൾ, അവരെ അതെങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കുത്തിത്തിരിപ്പിനൊക്കെ ഒരതിര് വേണം കേട്ടോ"- മുഖ്യമന്ത്രി പറഞ്ഞു.

എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയെങ്കിലും അനാസ്ഥയോ അശ്രദ്ധയോ കൊണ്ടാണോ ഈ മരണങ്ങൾ ? വിദേശരാജ്യങ്ങളിൽ രോഗബാധിതരായ കേരളീയരെയാകെ ഇങ്ങോട്ട് കൊണ്ടുവരാൻ കഴിയുമായിരുന്നോ? ഇന്നാട്ടിൽ വിമാനങ്ങളും ഇതര യാത്രാമാർഗ്ഗങ്ങളുമില്ലാത്തതായിരുന്നു കഴിഞ്ഞ നാളുകളെന്ന് ഇവർക്ക് ബോദ്ധ്യമില്ലേ. മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അതിന്റെ പേരിൽ സങ്കുചിതലക്ഷ്യത്തോടെ മുതലെടുപ്പിന് ശ്രമിക്കുന്നത് കൊവിഡിനേക്കാൾ അപകടകരമായ രോഗബാധയാണ്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെങ്കിലും ,ആത്യന്തികമായി ആ രാജ്യത്തെ സർക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. അവിടെ ജീവിക്കുന്ന പതിനായിരങ്ങളെ അത്ബാധിക്കില്ലേ?.. ഇതൊരു സാമൂഹ്യവിരുദ്ധനിലപാടാണ്.

സംസ്ഥാനസർക്കാർ പരിശോധന, നിയന്ത്രണ കാര്യത്തിൽ കർക്കശ നിലപാട് തുടരും. ചുറ്റുമുള്ള യാഥാർത്ഥ്യങ്ങൾ ആരെങ്കിലും മൂടിവച്ചത് കൊണ്ട് ഇല്ലാതാകില്ല. കേരളത്തിലെ 90 ശതമാനം കൊവിഡ് കേസുകളും വിദേശത്തോ, അന്യസംസ്ഥാനങ്ങളിലോ നിന്നോ വന്നവയാണ്. അതിൽ 69 ശതമാനവും വിദേശത്ത് നിന്നാണ്.വിദേശരാജ്യങ്ങളിലെ നമ്മുടെ ഇടപെടലിന്റെ ആദ്യപടി, അവർ യാത്ര തിരിക്കും മുമ്പുള്ള സ്ക്രീനിംഗാണ്. അല്ലെങ്കിൽ , യാത്രാവേളയിൽ രോഗം കൂടുതൽ പേരിലേക്ക് പകരും. പ്രവാസികേരളീയരുടെ ജീവൻ അപകടത്തിലാവും. ആദ്യഘട്ടത്തിൽ കേരളത്തിലേക്കെത്തിച്ചവരിൽ 45ശതമാനത്തോളം പേർ രോഗം മാരകമായി ബാധിക്കാനിടയുള്ള ഗർഭിണികളും വയോജനങ്ങളും കുട്ടികളും മറ്റുമാണ്. രോഗബാധിതർക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഇവരുടെ ജീവൻ അപകടത്തിലാവില്ലേ?

ഒരാളിൽ നിന്ന് ഒരുപാട് പേരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് സാദ്ധ്യതയ്ക്കും വിമാനയാത്രകൾ കാരണമാകുന്നതായി പഠനങ്ങളുണ്ട്. കാര്യക്ഷമമായ സ്ക്രീനിംഗിന് സൗകര്യമൊരുക്കി, യാത്ര തടയാതെയും നീട്ടിവയ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.