laptop

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ് ലഭ്യമാക്കാൻ കുടുംബശ്രീയും കെ.എസ്.എഫ്.ഇയും സംയുക്തമായി നടത്തുന്ന മൈക്രോ ചിട്ടിയുടെ ധാരണാപത്രം ഒപ്പിട്ടു. മന്ത്രിമാരായ എ.സി. മൊയ്തീൻ, തോമസ് ഐസക്, സി. രവീന്ദ്രനാഥ്, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ധനകാര്യ മന്ത്രിയുടെ ചേംബറിൽ വച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോറും കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രഹ്മണ്യനും ധാരണാപത്രത്തിൽ ഒപ്പിട്ടു.

ലാപ്‌ടോപ്പ് ആവശ്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് ചിട്ടിയിൽ ചേരാനാകും. ഒരംഗത്തിന് ഒരു ചിട്ടിയിൽ മാത്രമേ ചേരാനാകൂ. ചിട്ടിയുടെ മാസത്തവണ 500 രൂപയാണ്. 30 മാസമാണ് ദൈർഘ്യം. മൂന്ന് തവണ, അതായത് 1500 രൂപ അടച്ച് കഴിയുമ്പോൾ ലാപ്‌ടോപ് ആവശ്യമുണ്ടെന്ന് അതാത് അയൽക്കൂട്ടത്തെ അറിയിക്കാം. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ലാപ്‌ടോപ്പ് ഐ.ടി വകുപ്പ് എംപാനൽ ചെയ്യുന്ന ഏജൻസികളിൽ നിന്ന് വാങ്ങി കെ.എസ്.എഫ്.ഇ നൽകും. 15,000 രൂപയിൽ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരുന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുക ഉണ്ടെങ്കിൽ ചിട്ടിയുടെ അടവ് തീരുമ്പോൾ അംഗങ്ങൾക്ക് ലഭിക്കുന്നതാണ്.

ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങൾക്കും ചിട്ടിയിൽ ചേരാം. ഇവർക്ക് 13 മാസത്ത വണ അടച്ചു കഴിഞ്ഞാൽ 14ാം മാസം ആവശ്യമെങ്കിൽ ലേലം കൂടാതെ 15,111 രൂപ പിൻവലിക്കാം. 15ാം മാസം 15,205 രൂപയും 16ാം മാസം 15,300 രൂപയും ലഭിക്കും. ഇത്തരത്തിൽ 30ാം മാസം ചിട്ടിത്തവണ തീരുമ്പോൾ 16,695 രൂപയാണ് ലഭിക്കുക