തിരുവനന്തപുരം: വഞ്ചിയൂരിൽ കൊവിഡ് ബാധിച്ചു മരിച്ച രമേശന്റെ രോഗപരിശോധനയിൽ വീഴ്ച സംഭവിച്ചതായി കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. രോഗം യഥാസമയം കണ്ടെത്തുന്നതിൽ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് വീഴ്ചയുണ്ടായതെന്ന് കളക്ടർ അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സയിൽ ആരോഗ്യവകുപ്പിന് വീഴ്ചപറ്റുന്നതായി പ്രതിപക്ഷ ആരോപണം ഉയരുന്നതിനിടെയാണ് കളക്ടറുടെ നടപടി. ഐ.സി.എം.ആർ മാർഗനിർദ്ദേശമുണ്ടായിരുന്നിട്ടും കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സതേടിയെത്തിയ രമേശനെ കൊവിഡ് പരിശോധനയ്ക്ക് യഥാസമയം വിധേയമാക്കിയിരുന്നില്ല.
കഴിഞ്ഞമാസം 23നാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. 28ന് ഡിസ്ചാർജ് ചെയ്തു. ഈമാസം 10ന് ശ്വാസതടസമുണ്ടായതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. ചികിത്സനൽകിയ ശേഷം 11ന് മെഡിക്കൽ കോളേജിൽ നിന്നു വീട്ടിലെത്തിച്ചു. 12ന് വീട്ടിൽവച്ചാണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയശേഷമാണ് സ്രവപരിശോധന നടത്തിയത്. നേരത്തെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ കാര്യത്തിലും സമാനമായ വീഴ്ച സംഭവിച്ചിരുന്നു.