ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ 37-ാം വാർഷികം ഇന്ന്
ഇംഗ്ളണ്ടിലെ ലോർഡ്സ് മൈതാനത്ത് കപിൽദേവിന്റെ ചെകുത്താൻമാർ ലോക കിരീടത്തിൽ മുത്തമിട്ടതിന്റെ 37-ാം വാർഷികമാണിന്ന്. 1983 ജൂൺ 25 നാണ് കപിലും കൂട്ടരും അന്നത്തെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ 43 റൺസിന് തോൽപ്പിച്ച് കിരീടമണിഞ്ഞത്. ആദ്യരണ്ട് ലോകകപ്പുകളും നേടിയിരുന്ന വിൻഡീസിനെതിരെ ഇന്ത്യ ഫൈനലിൽ വിജയിക്കുമെന്ന് അന്നത്തെ ടീമംഗങ്ങൾ പോലും കരുതിയിരുന്നില്ല എന്നതാണ് സത്യം. ഇന്ത്യയിൽ ക്രിക്കറ്റ് എന്ന കായിക ഇനത്തിന്റെ അഭൂതപൂർവമായ വളർച്ചയ്ക്ക് അടിത്തറയിട്ടത് 83 ൽ നേടിയ ലോകകപ്പാണ്. പിന്നീടൊരു ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് 28 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നതും ചരിത്രമാണ്.
1983 ലോകകപ്പിലെ ഇന്ത്യ
ആതിഥേയരായ ഇംഗ്ളണ്ട്, ഇന്ത്യ, വിൻഡീസ്, ആസ്ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക, സിംബാബ്‌വെ എന്നിങ്ങനെ എട്ട് ടീമുകളാണ് 83 ലെ ലോകകപ്പിൽ പങ്കെടുത്തത്
വിൻഡീസ്, ആസ്ട്രേലിയ , സിംബാബ്‌വെ എന്നിവർ ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് പ്രാഥമിക റൗണ്ടിൽ ഇന്ത്യ മത്സരിച്ചത്.
ജൂൺ 9ന് നടന്ന ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 34 റൺസിന് തോൽപ്പിച്ചുകൊണ്ട് കപിലും കൂട്ടരും അട്ടിമറിക്ക് തുടക്കമിട്ടു.
രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം.
മൂന്നാംമത്സരത്തിൽ ആസ്ട്രേലിയയോട് 162 റൺസിന് തോറ്റു.
അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോടും തോൽവി, 66 റൺസിന്
ജൂൺ 18ന് സിംബാബ്‌വെയുമായുള്ള നിർണായക മത്സരത്തിൽ 31 റൺസിന് ജയിക്കാൻ കഴിഞ്ഞതോടെ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകൾ വീണ്ടും സജീവമായി.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയയെ 118 റൺസിന് തോൽപ്പിക്കുകകൂടി ചെയ്തതോടെ ഗ്രൂപ്പ് ബിയിൽ വിൻഡീസിന് പിന്നിൽ രണ്ടാംസ്ഥാനക്കാരായി സെമിയിലേക്ക്.
സെമിഫൈനലിൽ എതിരാളികൾ ആതിഥേയരായ ഇംഗ്ളണ്ടായിരുന്നു മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രഫോൾഡ് ഗ്രൗണ്ടിൽ ഇന്ത്യൻ വിജയം ആറ് വിക്കറ്റിന്.
ഫൈനലിൽ എതിരാളികൾ വീണ്ടും വിൻഡീസ് . ആ ലോകകപ്പിൽ ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടിയത് മൂന്നാംതവണ. ജൂൺ 25ന് ചരിത്രവിജയം.
കലാശക്കളി ഇങ്ങനെ
ടോസ് നേടിയ വിൻഡീസ് ക്യാപ്ടൻ ക്ളൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. തുടക്കത്തിൽതന്നെ ഗാവസ്കർ (2) പുറത്ത്. കെ. ശ്രീകാന്ത് (38), മൊഹിന്ദർ അമർനാഥ് (28), സന്ദീപ് പാട്ടീൽ (27), കപിൽദേവ് (15), യശ്പാൽ ശാർമ്മ (11), മദൻലാൽ (17), സെയ്ദ് കിർമാനി (14), ബൽവീന്ദർ സന്ധു (11), റോജർ ബിന്നി (2), കീർത്തി ആസാദ് (0) എന്നിവരുടെ ബാറ്റിംഗിന് ശേഷം ഇന്ത്യ 54.4 ഒാവറിൽ (അന്ന് 60 ഒാവർ മത്സരങ്ങളായിരുന്നു) 183 റൺസിന് ആൾ ഒൗട്ടാവുന്നു.
വിൻഡീസിന് വേണ്ടി ആൻഡി റോബർട്ട്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാൽക്കം മാർഷൽ , മൈക്കേൽ ഹോൾഡിംഗ്, ലാറി ഗോമസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇൗസി വിജയം പ്രതീക്ഷിച്ചിറങ്ങിയ വിൻഡീസിന് ആദ്യപ്രഹരം നൽകിയത് സന്ധുവാണ്. ഗോൾഡൻ ഗ്രീനിഡ്ജിനെ (1) ക്ളീൻ ബൗൾഡാക്കുകയായിരുന്നു സന്ധു. തുടർന്ന് ഹെയ്‌ൻസ് (13), വിവിയൻ റിച്ചാർഡ്സ് (33) എന്നിവർ കരകയറ്റാൻ ശ്രമിച്ചു. ഇരുവരെയും പുറത്താക്കി നിർണായക ബ്രേക്ക് ത്രൂ നൽകിയത് മദൻലാൽ . അപ്പോൾ വിൻഡീസ് സ്കോർ 57/3. തുടർന്ന് 19 റൺസ് കൂടി നേടുന്നതിനിടെ ലാറി ഗോമസ് (5) ക്ളൈവ് ലോയ്ഡ് (8) ബാക്കസ് (8) എന്നിവർ കൂടി കൂടാരം കയറിയതോടെ വിൻഡീസ് 76/6 എന്ന നിലയിൽ പരുങ്ങലിലായി. 25 റൺസുമായി ഡുജോണും 18 റൺസുമായി മാൽക്കം മാർഷലും പൊരുതി നേോക്കിയെങ്കിലും മൊഹീന്ദർ അമർനാഥ് ഇരുവരെയും മടക്കിഅയച്ച് ആവേശം പകർന്നു. ആൻഡി റോബർട്ട്സ് (4) കപിൽ ദേവിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി. 52-ാം ഒാവറിന്റെ അവസാന പന്തിൽ അമർനാഥ് മൈക്കേൽ ഹോൾഡിംഗിനെയും (6) എൽ.ബിയിൽ കുരുക്കിയതോടെ ചരിത്രമുഹൂർത്തം പിറന്നു.
ഏഴോവറിൽ 12 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അമർനാഥ് ഫൈനലിലെ മാൻ ഒഫ് ദ മാച്ചായി.
18
വിക്കറ്റുകൾ നേടി റോജർ ബിന്നി ആ ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമനായി
കപിൽ 175 നോട്ടൗട്ട്
കപിൽദേവിന്റെ കരിയറിലെ മറക്കാനാവാത്ത ഇന്നിംഗ്സ് സിംബാബ്‌വെയ്ക്കെതിരായ ഗ്രൂപ്പ് റൗണ്ട് മത്സരത്തിലായിരുന്നു. സെമിയിലെത്താൻ വിജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിലായിരുന്നു ഇന്ത്യ. പക്ഷേ ആദ്യബാറ്റിംഗിനിറങ്ങി 17 റൺസ് എടുക്കുന്നതിനിടെ ഗാവസ്‌കർ (0), ശ്രീകാന്ത് (0), മൊഹിന്ദർ (5), സന്ദീപ് (1), യശ്പാൽ (0) എന്നിവർ പുറത്ത്. തുടർന്ന് കപിൽദേവ് കെട്ടഴിച്ചുവിട്ട കുതിരയെപ്പോലെ തകർത്താടുകയായിരുന്നു. 138 പന്തുകളിൽ 16 ഫോറുകളും ആറ് സിക്സുകളുമടക്കം കപിൽ പുറത്താകാതെ നേടിയത് 175 റൺസാണ്. കപിലിന്റെ ഏകദിന കരിയറിലെ തന്നെ ഉയർന്ന സ്കോർ. ബിന്നി (22), കിർമാനി (24), മദൻലാൽ (17) എന്നിവരുടെ പിന്തുണ കൂടിയായപ്പോൾ ഇന്ത്യ 60 ഒാവറിൽ 266/8 എന്ന സ്കോർ ഉയർത്തി. സിംബാബ്‌വെ ഇന്നിംഗ്സ് 57 ഒാവറിൽ 235 ൽ അവസാനിച്ചു. ഒരു വിക്കറ്റും നേടിയ കപിൽ മാൻ ഒഫ് ദ മാച്ചായി.
1983 ലെ ലോകകപ്പ് പ്രൂഡൻഷ്യൽ കപ്പ് എന്നാണ് അറിയപ്പെട്ടത്.
ലോകകപ്പുകളിലെ ഇന്ത്യ
1975
ഗ്രൂപ്പ് റൗണ്ടിൽ മൂന്നാംസ്ഥാനക്കാരായി പുറത്ത്. മൂന്ന് കളികളിൽ ഒരൊറ്റ ജയം മാത്രം
ചാമ്പ്യൻസ് : വിൻഡീസ്.
1979
ഒറ്റക്കളിപ്പോലും ജയിക്കാതെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി പുറത്ത്
ചാമ്പ്യൻസ് : വിൻഡീസ്.
1983
ചരിത്രം സൃഷ്ടിച്ച കിരീട വിജയം
1987
ഇന്ത്യയിൽ നടന്ന ആദ്യ ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ളണ്ടിനോട് തോറ്റു.
ചാമ്പ്യൻസ് : ആസ്ട്രേലിയ
1992
റൗണ്ട് റോബിൻ ലീഗിൽ ഏഴാം സ്ഥാനക്കാരായി പുറത്ത്
ചാമ്പ്യൻസ്: പാകിസ്ഥാൻ
1996
കൊൽക്കത്തയിലെ കാണികൾ അലങ്കോലമാക്കിയ സെമിഫൈനലിൽ ലങ്കയോട് തോൽവി
ചാമ്പ്യൻസ്: ശ്രീലങ്ക
1999
സൂപ്പർ സിക്സിൽ അവസാന സ്ഥാനക്കാരായി സെമി കാണാതെ പുറത്ത്
ചാമ്പ്യൻസ് : ആസ്ട്രേലിയ
2003
ഫൈനലിൽ ആസ്ട്രേലിയയോട് 125 റൺസിന് തോറ്റ് ഗാംഗുലിയും സംഘവും.
ചാമ്പ്യൻസ് : ആസ്ട്രേലിയ
2007
വിൻഡീസിൽനടന്ന ടൂർണമെന്റിൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്ത്
ചാമ്പ്യൻസ് : ആസ്ട്രേലിയ
2011
ഇന്ത്യയിൽനടന്ന ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ കിരീടധാരണം
2015
ആസ്ട്രേലിയയിൽ നടന്ന ലോകകപ്പിന്റെ സെമിയിൽ ആതിഥേയരോട് തോറ്റ് മടക്കം.
ചാമ്പ്യൻസ് : ആസ്ട്രേലിയ
2019
ഇംഗ്ളണ്ടിൽ നടന്ന ലോകകപ്പിന്റെ സെമിയിൽ ന്യൂസിലൻഡിനോട് തോറ്റു
ചാമ്പ്യൻസ് ഇംഗ്ളണ്ട്
2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിൽ ധോണിയും കൂട്ടരും ഇന്ത്യയ്ക്കായി കിരീടം നേടിത്തന്നു.
1983 ലെ ഇന്ത്യൻ സ്ക്വാഡ്
കപിൽദേവ് (ക്യാപ്ടൻ), മൊഹിന്ദർ അമർനാഥ് , കീർത്തി ആസദ്, റോജർ ബിന്നി, സുനിൽ ഗാവസ്കർ, സെയ്ദ് കിർമാനി, മദൻ ലാൽ, സന്ദീപ് പാട്ടീൽ, ബൽവീന്ദർ സന്ധു, യശ്പാൽ ശർമ്മ, രവിശാസ്ത്രി, കെ. ശ്രീകാന്ത്, വെംഗ് സാർക്കർ, സുനിൽ വാസൻ.
ടീം മാനേജേർ: പി.ആർ. മാൻസിംഗ്.
ഇൗ ടീമിൽ സുനിൽ വാസന് മലയാളി ബന്ധമുണ്ടായിരുന്നു.
2011 ൽ ലോകകപ്പ് നേടിയ ടീമിൽ മലയാളിയായ എസ്. ശ്രീശാന്തുമുണ്ടായിരുന്നു.
1983 ലെ ഫൈനലിൽ 183 റൺസിന് പുറത്തായപ്പോൾ കിരീടം നേടാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഫീൽഡിംഗിന് ഇറങ്ങുമ്പോൾ കപിൽ ഒന്നേ പറഞ്ഞുള്ളൂ. 'നമ്മൾ ചെറുത്തുനിൽക്കണം, പെട്ടെന്ന് വിട്ടുകൊടുക്കരുത്" ആ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ വഴിത്തിരിവായിരുന്നു. - കൃഷ്ണമാചാരി ശ്രീകാന്ത്.