തിരുവനന്തപുരം: പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോൾ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകൊള്ള നടത്തുകയാണെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു.
കൊവിഡ് കാലത്ത് ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അവരെ സഹായിക്കുന്നതിന് പകരം കണ്ണിൽച്ചോരയില്ലാതെ പിഴിയുന്നതിനെതിരേ കോൺഗ്രസ് ഈ മാസം 29ന് ദേശീയ പ്രക്ഷോഭം നടത്തും.
യു.പി.എ സർക്കാരിന്റെ കാലത്ത് 2014ൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോൾ വില 74.33 രൂപയും ഡീസൽ വില 60.77 രൂപയും. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില 40 ഡോളറായപ്പോൾ പെട്രോൾ വില 80 രൂപ കടന്നു. പെട്രോളിയം ഉത്പന്നങ്ങൾക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് കിട്ടുന്ന അധികനികുതി കേരളം ഉപേക്ഷിച്ചില്ല. കേന്ദ്രനികുതിക്കെതിരേ ഹാലിളകുന്നവർ വർദ്ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും വേണ്ടെന്നു വയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.