കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഒരു സാങ്കല്പിക അഭിമുഖമാണ് ചുവടെ. അദ്ദേഹം പച്ചജീവനോടെ ഇരിക്കുമ്പോൾ എന്തിന് സാങ്കല്പിക ഇന്റർവ്യൂ എന്ന സംശയം ആർക്കും ഉണ്ടാകാം. ഒന്നാമത് പത്രത്തിൽ നിന്നാണെന്ന് പറഞ്ഞ് അഭിമുഖത്തിന് ചെല്ലുമ്പോൾ അദ്ദേഹം പല കാര്യങ്ങളും തുറന്ന് പറഞ്ഞെന്ന് ഇരിക്കില്ല. ഉദാഹരണത്തിന് എ.കെ. ആന്റണിയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചാൽ വളരെ നല്ല അഭിപ്രായമേ അദ്ദേഹത്തിന് പറയാൻ പറ്റൂ. ഇല്ലെങ്കിൽ പണി ആകുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഒരുപക്ഷേ ഇന്റർവ്യൂ കഴിഞ്ഞ് അച്ചടിക്കില്ലെന്ന് ഉറപ്പ് കൊടുത്താൽ സ്വന്തം പാർട്ടിയിലെ പല കാര്യങ്ങളും ആ നല്ല മനുഷ്യൻ തുറന്നു പറഞ്ഞെന്നിരിക്കും. എന്തിനാണ് നല്ല മനുഷ്യരെ ഇങ്ങനെ നേരിട്ട് ചോദ്യങ്ങൾ ചോദിച്ച് വെട്ടിലാക്കുന്നത്. അതുകൊണ്ടാണ് ഈ സാങ്കല്പിക അഭിമുഖം തയ്യാറാക്കിയത്. ഇതെഴുതുന്ന ലേഖകൻ ഇതുവരെ മുല്ലപ്പള്ളിയെ നേരിട്ട് കണ്ടിട്ടില്ല. ഇനി അഭിമുഖം തുടങ്ങുന്നു.
ചോദ്യം : താങ്കൾക്കെതിരെ ഈയിടെ ചില വിവാദങ്ങൾ ഉണ്ടായല്ലോ! അതിന്റെ പിന്നിൽ യഥാർത്ഥത്തിൽ ആരാണ്.
മുല്ലപ്പള്ളി: സംശയമെന്ത്. ഞങ്ങളുടെ പാർട്ടിയിൽ ഉള്ളവർ തന്നെ.
ചോദ്യം : ഉമ്മൻചാണ്ടിയാണോ?
മുല്ലപ്പള്ളി : ഒരിക്കലുമില്ല. ഉമ്മൻചാണ്ടി സംശയിക്കപ്പെടണം എന്ന് ഉദ്ദേശ്യമുള്ള ഞങ്ങളുടെ പാർട്ടിയിലെ മറ്റൊരു നേതാവാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.
ചോദ്യം : എന്താണ് തെളിവ്?
മുല്ലപ്പള്ളി : അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ മുഖ്യ കസേരയ്ക്ക് ആദ്യത്തെ അവകാശി താനാണ് എന്ന് വിചാരിച്ച് മൂഢസ്വർഗത്തിൽ വിരാജിക്കുന്ന ഒരാളാണ് അയാൾ. ഇതിൽ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ല.
ചോദ്യം : അദ്ദേഹത്തിന് തിരിച്ച് ഒരു പണി കൊടുത്തുകൂടെ?
മുല്ലപ്പള്ളി : അതിന്റെ ആവശ്യമില്ല. അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ തന്നെ ഉള്ള മറ്റൊരാൾ പണി തുടങ്ങിയിട്ടുണ്ട്.
ചോദ്യം : അതാരാണ്. കെ.സി. വേണുഗോപാലാണോ?
മുല്ലപ്പള്ളി : നോ കമന്റ്‌സ്.
ചോദ്യം: എ.കെ. ആന്റണിയുടെ റോൾ എന്താണ്?
മുല്ലപ്പള്ളി : ഒടുവിൽ അദ്ദേഹമായിരിക്കും അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
ചോദ്യം: ഒരു അങ്കത്തിനുകൂടി അദ്ദേഹത്തിന് ഇനി ബാല്യമുണ്ടോ?
മുല്ലപ്പള്ളി : നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ. ഇത് കോൺഗ്രസാണ്. എന്തും സംഭവിക്കാം.
ചോദ്യം: പിണറായി വിജയന് താങ്കളോട് ഇത്ര വൈരാഗ്യം വരാനുള്ള കാരണം എന്താണ്?
മുല്ലപ്പള്ളി : തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഞാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. ആയിടെ കോളിളക്കം ഉണ്ടാക്കിയ ഒരു രാഷ്ട്രീയ കൊലപാതകവും തുടർന്ന് പുറത്തുവന്ന തെളിവുകളും അറിയാമല്ലോ. എനിക്കും ചില ഇൻപുട്ടുകൾ കിട്ടിയിരുന്നു. ഇതിൽ കൂടുതൽ പറയാൻ പറ്റില്ല. ഒരു കാര്യം പറയാം. ഞാൻ പ്രഷർ ചെയ്യുന്നു എന്ന വിവരം പുറത്തു പോയത് ഞങ്ങളുടെ പാർട്ടിയിൽ നിന്നു തന്നെയാണ്.
ചോദ്യം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ താങ്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോ?
മുല്ലപ്പള്ളി : ഏത് കോൺഗ്രസ് നേതാവിനാണ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമില്ലാത്തത്. ഈ സ്ഥാനത്തിന് വേണ്ടി മൂന്ന് പേർ തമ്മിൽ അങ്കമുണ്ടായി ക്ഷീണിച്ചാൽ എനിക്കും ചാൻസ് ഇല്ലാതെയില്ല. അതു മനസിലാക്കി മുൻകൂട്ടി തടയാനാണ് ചില കേന്ദ്രങ്ങൾ ഒരു മുഴം നീളത്തിൽ വിവാദങ്ങൾ എറിയുന്നത്.
ചോദ്യം : തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാർക്കപ്പുറം ചില ബിസിനസ് പ്രമുഖരുടെ ഇടപെടൽ കൂടിയില്ലേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ. അഴിമതിക്കാരനല്ലാത്ത താങ്കൾക്ക് എങ്ങനെ ചാൻസ് കിട്ടാനാണ്?
മുല്ലപ്പള്ളി : പിണറായിയെ എതിർക്കുന്ന ചിലരും ഉണ്ടല്ലോ നാട്ടിൽ. അവരിലാണ് എന്റെ പ്രതീക്ഷ.
ചോദ്യം : ചുരുക്കി പറഞ്ഞാൽ പിണറായി ഈ വീടിന്റെ ഐശ്വര്യം എന്ന ബോർഡ് താങ്കൾക്ക് വയ്ക്കേണ്ടിവരുമോ?
മുല്ലപ്പള്ളി : ഒന്നും പറയാറായിട്ടില്ല. മിക്കവാറും അത് വേണ്ടിവരും.
ഇന്റർവ്യൂ കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ഗാനം ചൊല്ലി. അതിതാണ്.
''ഈ ജാതിക്കാ തോട്ടം
ഈ ജാതി നിന്റെ നോട്ടം
കണ്ടാൽ കള്ള പെരുമാറ്റം"