തിരുവനന്തപുരം: ശ്രീകാര്യം ഫ്ളൈ ഓവർ നിർമ്മാണം ഈ വർഷം തന്നെ ആരംഭിച്ചേക്കും. ഫ്ളൈ ഓവറിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയുടെ ആദ്യഗഡുവായ 35 കോടി രൂപ കഴിഞ്ഞ ദിവസം കിഫ്‌ബി, നിർമ്മാണച്ചുമതലയുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനമായ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷന് (കെ.ആർ.ടി.സി) മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കൈമാറിയിരുന്നു. തലസ്ഥാന നഗരത്തിലേക്കുള്ള പ്രവേശനകവാടവും ഏറ്റവും തിരക്കേറിയ ജംഗ്ഷനുമായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചത്.
ഭൂമി ഏറ്റെടുക്കൽ മൂന്ന് മാസത്തിനകം
മൂന്ന് മാസത്തിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് കെ.ആർ.ടി.സി ലക്ഷ്യമിടുന്നത്. സ്ഥലം ഏറ്റെടുക്കലിനൊപ്പം പദ്ധതിയുടെ വിശദമായ സാങ്കേതിക പഠനവും നടക്കുകയാണ്. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ സാങ്കേതിക ആവശ്യകതകളും പരിഗണിച്ചാണ് ഫ്ളൈ ഓവറിന്റെ രൂപകല്പന. ചെറുതും വലുതുമായി ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ശ്രീകാര്യം ജംഗ്ഷന്റെ വികസനത്തെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ സ്ഥലമുടമകൾക്ക് നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫ്ളൈ ഓവറിന്റെ രൂപരേഖ തയ്യാറാക്കിയത് ഡി.എം.ആർ.സി ആണ്. ഈ അലൈൻമെന്റ് തന്നെ തുടരാൻ കെ.ആർ.ടി.എല്ലിനോട് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെയുള്ള 21.8 കിലോമീറ്റർ നീളത്തിലുള്ള ലൈറ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായി ഉള്ളൂരിലും പട്ടത്തും സമാന ഫ്ളൈഓവറുകൾ പണിയും. ഇവയുടെ നിർമ്മാണവും ഉടൻ തുടങ്ങും.
പദ്ധതി ഇങ്ങനെ
ആകെ ചെലവ്: 135.37 കോടി
സ്ഥലം ഏറ്റെടുക്കലിന്: 81.5 കോടി
ഏറ്റെടുക്കുന്ന സ്ഥലം:1.34 ഹെക്ടർ
നാലുവരി ഫ്ളൈ ഓവർ
നീളം: 535 മീറ്റർ
വീതി: ഇരുദിശകളിലായി 15 മീറ്റർ
ഇരുവശങ്ങളിലേയും സർവീസ് റോഡുകൾ: 5.5 മീറ്റർ