ccc

നെയ്യാറ്റിൻകര: താലൂക്കിലെ പലയിടങ്ങളിലും കൊവിഡ് രോഗം സ്ഥിരീകരിക്കുകയും,​ സ്ഥിരീകരിച്ച രോഗികൾ രോഗമുക്തരാകുകയും ചെയ്തിരുന്നു. പക്ഷേ നാട്ടുകാർക്കിടയിൽ സാമൂഹിക അകലം വെറും വാക്കുകൾ മാത്രമായി ചുരുങ്ങുന്ന കാഴ്ചയാണ് ഇവിടെ ഇന്ന് കാണാനാകുക. നെയ്യാറ്റിൻകരയിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ദിനംപ്രതി എത്തുന്നത് നിരവധി പേരാണ്. ഇവർ മാസ്ക് ധരിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാറില്ല. ദേശീയപാതയിൽ നെയ്യാറ്റിൻകര നഗരസഭയുടെ സ്റ്റേഡിയത്തിന് മുൻവശം റോഡിന് സമീപമാണ് ഇപ്പോൾ ചന്ത പ്രവർത്തിക്കുന്നത്. ഇവിടേക്ക് ഇരുചക്ര വാഹനങ്ങളിലും കാൽനടയായും സാധനങ്ങൾ വാങ്ങാനെത്തുന്നവർ നിരവധിയാണ്. സാധനങ്ങൾ വിൽക്കാനിരിക്കുന്ന കച്ചവടക്കാരും സാമൂഹിക അകലം പാലിക്കാറില്ല. അതിനാൽ തന്നെ രോഗ വ്യാപനത്തിന്റെ വലിയൊരു ഭീഷണി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഈ ചന്ത ഉയർത്തുന്നുണ്ട്.

സമാന്തര ചന്ത

ടി.ബി ജംഗ്ഷനിലെ ചന്തയിലും സ്ഥിതിഗതികൾക്കു മാറ്റമില്ല. ഇവിടെയും യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കപ്പെടുന്നില്ല. കൊവിഡ് ഭീതിയിൽ ചന്ത പൂട്ടിയിട്ട ശേഷം റോഡരികിൽ ചന്ത കൂടുവാൻ സ്ഥലം നൽകിയ നഗരസഭയുടെ തീരുമാനം അപടം ക്ഷണിച്ച് വരുത്തുന്നതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചന്ത പൂട്ടിയിട്ടിരിക്കുന്നതിനാൽ മാംസത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും റോഡരികിലാണ്. ഭക്ഷ്യാവശ്യത്തിനുള്ള മാസം വില്പനക്കായി പ്രദർശിപ്പിക്കാൻ പാടില്ലെന്നും ചില്ല് കൊണ്ടുള്ള മറ വേണമെന്നുള്ള ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് ദേശീയ പാതയ്ക്ക് ഇരുവശത്തും കന്നുകാലികളെ കശാപ്പ് ചെയ്ത് മാംസം കെട്ടിത്തൂക്കി വിൽപ്പന നടത്തുന്നത്.

നിയന്ത്രണവും പരാജയം

വഴിയോര കച്ചവട കേന്ദ്രങ്ങളിൽ ജനക്കൂട്ടമുണ്ടാകുന്നത് തടയാനുള്ള പൊലീസ് നിയന്ത്രണം പാളി. കൂടുതൽ ആൾക്കാർ റോഡിലെത്തിയാൽ അത് തടയുന്നതിനുള്ള പരിമിതി കാരണം പൊലീസും നിസഹായരാണ്.