kadumoodiya-nilayil

കല്ലമ്പലം: ഇരുവശവും പുൽച്ചെടികൾ വളർന്ന് കാടുമൂടിയ റോഡിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം. ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിനു സമീപത്തു നിന്ന് നാറാണത്ത് ചിറയിലേക്ക് പോകുന്ന പഴയ പൊലീസ് സ്റ്റേഷൻ റോഡിലാണ് ഇഴജന്തുക്കളുടെ ശല്യമുള്ളത്. റോഡിനിരുവശവും ഒരാൾപ്പൊക്കത്തിൽ വളർന്ന് നിൽക്കുന്ന പുൽക്കാട്ടിൽ നിന്നും വിഷപ്പാമ്പുകൾ ഉൾപ്പെടെ റോഡിലേക്കിറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേരാണ് പാമ്പു കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മഴവെള്ള പാച്ചിലിൽ മാലിന്യങ്ങളും മണ്ണും ഒഴുകി വന്ന് റോഡ് വശത്തെ ഓട അടഞ്ഞത് പുൽച്ചെടികൾ തഴച്ചു വളരാൻ കാരണമായി. വിവിധയിടങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിനാളുകളാണ് നിത്യേന ഇതുവഴി നടന്നുപോകുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും റോഡിനിരുവശവുമുണ്ട്. നാട്ടുകാർ കരവാരം പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെയോ മറ്റോ ഉപയോഗിച്ച് പുൽച്ചെടികൾ വെട്ടിത്തെളിച്ച് നാട്ടുകാർക്ക് ഭീതിയില്ലാതെ റോഡിലൂടെ നടക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.