കടയ്ക്കാവൂർ: വൈദ്യുതി മുടങ്ങാത്ത ഒരു ദിവസമെങ്കിലും ഉണ്ടാകണേ എന്ന പ്രാർത്ഥനയിലാണ് കടയ്ക്കാവൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വൈദ്യുതി ഉപഭാേക്താക്കൾ.
ഇവിടെ മിക്കപ്പോഴും വൈദ്യുതി ദാ വന്നു ദേ പോയി എന്ന അവസ്ഥയാണ്. കൊവിഡ് കാലമായതിനാൽ സ്കൂൾ തലം മുതൽ കോളേജ് വരെയുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ക്ളാസിനെയാണ് ആശ്രയിക്കുന്നത്. ഇടയ്ക്കിടക്ക് വൈദ്യുതി മുടങ്ങുന്നത് മൂലം വിദ്യാർത്ഥികൾ ആകെ ധർമ്മസങ്കടത്തിലാണ്. ക്ളാസുകൾ പുനഃസംപ്രേഷണം ചെയ്യുന്ന ശനി, ഞായർ ദിവസങ്ങളിൽ മിക്കപ്പോഴും രാവിലെ മുതൽ വൈദ്യുതി മുടങ്ങുന്നത് സ്ഥിരമാണ് എന്നാണ് ഉപഭാേക്താക്കൾ പറയുന്നത്.
വൈദ്യുത ലൈനിൽ പണിനടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഓൺലൈൻ ക്ളാസുകൾക്ക് തടസം വരരുതെന്നും ക്വാറന്റൈനിൽ കഴിയുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നുമുള്ള ബോർഡിന്റെ നിർദ്ദേശം കാറ്റിൽ പറത്തുകയാണ് ഇവിടെ. മാനത്ത് മഴക്കാറ് കണ്ട് കാറ്റുവീശിയാൽ മതി കറണ്ട് പോകുമെന്നത് ഉറപ്പാണ്. ഇടയ്ക്കിടയ്ക്കുള്ള കറണ്ട് പോക്ക് കാരണം വിലപിടിപ്പുള്ള പല വൈദ്യുത ഉപകരണങ്ങളും കേടാകുന്നു .ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന വൈദ്യുതി തടസം കാരണം ശീതീകരിച്ച് സൂക്ഷിക്കുന്ന പല വസ്തുക്കളും കേടാകുന്നത് മൂലം വ്യാപാരികൾക്കും ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പണി നടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി പത്ര മാദ്ധ്യമങ്ങളിലൂടെയും മറ്റും അറിയിപ്പ് ഉണ്ടാകാറുണ്ട്. എന്നാൽ വൈദ്യുതി മുടങ്ങുന്നത് മറ്റൊരു സ്ഥലത്തായിരിക്കും. ഇത്തരം പ്രവൃത്തികൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുന്നു. രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ ഫോണിൽ അറിയിക്കാൻ ശ്രമിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.