പൂർണ തോതിൽ നടപ്പായാൽ സർക്കാരിന്റെ ചെലവു കുറയ്ക്കാനും ജനങ്ങൾക്കു കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാനും ഉതകുന്നതാണ് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വകുപ്പുകൾ സംയോജിപ്പിക്കാനും നിലവിലുള്ള 16 ക്ഷേമനിധി ബോർഡുകൾ പതിനൊന്നായി കുറയ്ക്കാനുമുള്ള തീരുമാനങ്ങൾ. ഏറെ പരാതികൾക്കു പാത്രമാകേണ്ടി വരുന്നവയാണ് തദ്ദേശ സ്ഥാപനങ്ങൾ. സേവനം ലഭിക്കുന്നതിൽ വരുന്ന കാലതാമസം തന്നെ മുഖ്യകാരണം. പല വകുപ്പുകളായി പ്രവർത്തിക്കുന്നതു മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ വേറെ. തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നിട്ടും തദ്ദേശ വകുപ്പിനു കീഴിലുള്ള വകുപ്പുകളുടെ ഏകീകരണം ഇതുവരെ നടന്നില്ല. പഞ്ചായത്ത്, നഗര - ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനിയറിംഗ് എന്നീ അഞ്ചു വകുപ്പുകൾ ഏകീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അതുപോലെ ഓരോ സാമ്രാജ്യമായി നിലനിൽക്കുന്ന ക്ഷേമനിധി ബോർഡുകൾ സംസ്ഥാന ഖജനാവിനു സൃഷ്ടിക്കുന്ന ഭാരം ചെറുതല്ല. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകളെ ലയിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയ്ക്കു തന്നെ പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇപ്പോഴാണ് അതിനും യോഗം കാണുന്നത്. പതിനാറു ക്ഷേമനിധികളിൽ അഞ്ചെണ്ണം സമാന സ്വഭാവമുള്ള ബോർഡുകളുമായി സംയോജിപ്പിക്കാനാണു തീരുമാനം. കടുംവെട്ടിനു ശ്രമിച്ചിരുന്നെങ്കിൽ ക്ഷേമനിധി ബോർഡുകൾ ഇനിയും കുറയ്ക്കാമായിരുന്നു. ശക്തമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്ന നടപടിയാകുമെന്നതിനാലാകാം അതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറിയത്. അഞ്ചെങ്കിൽ അഞ്ച് ബോർഡുകൾ ഇല്ലാതായാൽ അത്രയും നല്ലത്. അത്രയും ചെലവ് ലാഭിക്കാമല്ലോ.
തദ്ദേശവകുപ്പിനു കീഴിൽ ഇപ്പോൾ അഞ്ച് വകുപ്പുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏകീകരിക്കുമ്പോൾ അതിന്റെ ഘടനയിലും ജീവനക്കാരുടെ വിന്യാസത്തിലും മാറ്റം വരും. ഇതിനായി സ്പെഷ്യൽ റൂൾ പോലുള്ള നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അഞ്ച് വകുപ്പുകളിലായി ഇപ്പോഴുള്ള മുപ്പതിനായിരത്തിൽപ്പരം ജീവനക്കാർ ഒറ്റവകുപ്പിനു കീഴിലാവുന്നത് ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. ഡയറക്ടർമാരുടെയും കമ്മിഷണർമാരുടെയും തസ്തിക ഇല്ലാതാകും. പകരം പ്രിൻസിപ്പൽ ഡയറക്ടർ എന്ന ഒരൊറ്റ അധികാരിയുടെ കീഴിലാവും എല്ലാം. ജീവനക്കാർക്കും വകുപ്പുകളുടെ ഏകീകരണംകൊണ്ട് ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിനെക്കാളൊക്കെ ജനങ്ങൾക്കു കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാകുമെന്ന നേട്ടവുമുണ്ട്. പരസ്പരം ബന്ധമുള്ള വകുപ്പുകൾ വെവ്വേറെ കിടക്കുന്നതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സാധിച്ചുകിട്ടാൻ ഇപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. വകുപ്പുകളുടെ ഏകീകരണത്തോടെ അത് ഒഴിവായി കിട്ടുമെങ്കിൽ നല്ല കാര്യമാണ്.
അധികാരത്തിന്റെ പങ്കുവയ്പിൽ പുറത്തുനിൽക്കേണ്ടി വരുന്നവരുടെ പുനരധിവാസത്തിനുള്ള ഇടങ്ങളാണ് കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും. ഓരോ വിഭാഗം തൊഴിലാളികൾക്കു വേണ്ടിയും പ്രത്യേകം ബോർഡ് സ്ഥാപിതമാകുമ്പോൾ അതിന്റെ നടത്തിപ്പിനായി വലിയൊരു സംഖ്യയാണ് വേണ്ടിവരുന്നത്. അബ്‌കാരി ക്ഷേമനിധി ബോർഡുള്ളപ്പോൾത്തന്നെയാണ് കള്ളുവ്യവസായ തൊഴിലാളികൾക്കായി പ്രത്യേക ബോർഡ് രൂപം കൊണ്ടത്. ഇവ രണ്ടും ലയിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം.
അതുപോലെ ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ളിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലയിക്കും. തോട്ടം മേഖലകളിൽ പണിയെടുക്കുന്ന വിവിധ വിഭാഗം തൊഴിലാളികൾക്കായി പ്രത്യേകം പ്രത്യേകം രൂപീകരിക്കപ്പെട്ട ബോർഡുകളും സംയോജിപ്പിക്കും. ബീഡി - സിഗാർ ക്ഷേമനിധി ബോർഡിനെ കൈത്തറി ക്ഷേമനിധി ബോർഡിലാണ് ലയിപ്പിക്കുന്നത്. പ്രതിഷ്ഠ എത്ര ചെറുതാണെങ്കിലും അതിന്റെ നടത്തിപ്പിനുള്ള ഭരണച്ചെലവിൽ കുറവൊന്നും വരുത്താനാവില്ല. ക്ഷേമനിധി ബോർഡിന് ചെയർമാൻമാരും അംഗങ്ങളും ഓഫീസും ജീവനക്കാരുമൊക്കെയായി വലിയ സന്നാഹങ്ങൾ അനിവാര്യമാണ്. റവന്യൂ വരുമാനത്തിൽ സിംഹഭാഗവും ശമ്പളത്തിനും പെൻഷനും വായ്പാ പലിശയ്ക്കുമായി മാറ്റിവയ്ക്കേണ്ടിവരുന്ന സർക്കാരിന് കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ആധിക്യം കൂടുതൽ ഭാരമാകുന്നുണ്ട്. വളരെക്കാലമായി ഇതിനെതിരെ ശബ്ദമുയരുന്നുണ്ടെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും എണ്ണം കുറയ്ക്കാൻ സർക്കാരുകൾ ഒരുമ്പെടാറില്ല. ഏറെ വൈകിയാണെങ്കിലും ഈ ഗവൺമെന്റ് അതിനുള്ള നടപടി എടുത്തു തുടങ്ങിയത് സ്വാഗതാർഹമാണ്.
സർക്കാർ ചെലവു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ വിദഗ്ദ്ധ സമിതികളും ഭരണപരിഷ്കാര കമ്മിഷനും സമർപ്പിക്കാറുള്ള ശുപാർശകൾക്ക് ഒരു പരിഗണനയും ലഭിക്കാറില്ല. ഈ അടുത്ത നാളിലും അതുപോലൊരു സമിതി ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുൾപ്പെടെ അധികച്ചെലവുണ്ടാക്കുന്ന ഒരു നടപടിയും രണ്ടുവർഷത്തേക്കു പാടില്ലെന്നായിരുന്നു ശുപാർശകളിൽ പ്രധാനം. എന്നാൽ പതിവുപോലെ ഒരു ഗൗരവവും അതിനു ലഭിച്ചതായി കണ്ടില്ല. കഴിഞ്ഞ ദിവസവും മന്ത്രിസഭായോഗം 43 പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള തീരുമാനമെടുത്തുകൊണ്ടാണ് പിരിഞ്ഞത്. ഓരോ വകുപ്പിലും അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കണമെന്ന ശുപാർശ പോലും പരിഗണിക്കപ്പെടുന്നില്ല. ഒരു ജോലിയുമില്ലാതെ വെറുതെയിരുന്നു ശമ്പളം പറ്റുന്ന എത്രയോ ജീവനക്കാരുണ്ട്. ഖജനാവു കൂടുതൽ കൂടുതൽ ശോഷിച്ചിട്ടും ഭരണച്ചെലവു കൂടുന്നതല്ലാതെ കുറയുന്നില്ല. വകുപ്പുകളുടെ ഏകീകരണവും ബോർഡുകളുടെ എണ്ണം കുറയ്ക്കലും കൂടുതൽ വിപുല തലത്തിൽ നടപ്പാക്കിയാലേ ചെറിയ തോതിലെങ്കിലും ആശ്വാസം ഉളവാക്കുകയുള്ളൂ എന്ന് തിരിച്ചറിയണം.