rebuild-kerala

തിരുവനന്തപുരം: ആഗോള ടെൻഡർ പ്രകാരമുള്ള കരാറിലും നെതർലാന്റ്സ് ആസ്ഥാനമായ കെ.പി.എം.ജി അഡ്വൈസറി സർവീസസ് റീബിൽഡ് കേരളയുടെ കൺസൾട്ടന്റായി വരുന്നു.

ടെൻഡർ ക്ഷണിക്കാതെ ഈ സ്ഥാപനത്തെ ചുമതല ഏല്പിച്ചത് വിവാദമായതോടെ ആദ്യ കരാർ റദ്ദാക്കിയിരുന്നു.

ഇക്കുറി നടപടി പ്രകാരമാണ് 6.82 കോടിക്ക് കരാർ നൽകിയത്. പരോക്ഷനികുതി ഉൾപ്പെടെ തുക എട്ടുകോടിയോളം വരും. രണ്ട് വർഷത്തേക്കാണ് കരാർ. ആദ്യകരാറിൽ സൗജന്യ സേവനം ആയിരുന്നെങ്കിലും ഭാവിയിൽ വൻതുക കൊടുക്കേണ്ടിവരുമെന്നായിരുന്നു വിമർശനം.

പ്രളയത്തിൽ തകർന്ന കേരളത്തെ സുസ്ഥിരവികസനം ലക്ഷ്യമാക്കി പുനർനിർമ്മിക്കുകയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ലക്ഷ്യം. പദ്ധതികളുടെ പരിപാലനത്തിന് പിന്തുണയും മാർഗനിർദേശവും നൽകുകയാണ് കൾസൾട്ടൻസിയുടെ ദൗത്യം. ഇതിനായി 17 അംഗങ്ങളും 16 വിദഗ്ദ്ധരും ഒരു അക്കൗണ്ട്സ് അസിസ്റ്റന്റുമുണ്ടാകും.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പ്രോജക്ട് രണ്ടാംഘട്ടത്തിലേക്കായി ലോകബാങ്ക് വായ്പയായി നൽകിയ രണ്ട് ദശലക്ഷം ഡോളറിൽ (15,11,91,000രൂപ) നിന്നാണ് കൺസൾട്ടൻസി തുക നൽകുന്നത്.
ആഗോള ടെൻഡറിൽ 14 സ്ഥാപനങ്ങൾ താല്പര്യപത്രം നൽകി. ആറ് സ്ഥാപനങ്ങൾ അന്തിമ പട്ടികയിലെത്തി. ഗുണനിലവാരവും തുകയും മാനദണ്ഡമാക്കി നടത്തിയ തിരഞ്ഞെടുപ്പിലാണ് കെ.പി.എം.ജി ഒന്നാമതെത്തിയതെന്ന് ഉത്തരവിൽ പറയുന്നു.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ തദ്ദേശഭരണ വകുപ്പിലെ പദ്ധതി നിർവഹണ യൂണിറ്റിലേക്ക് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് 57ലക്ഷം അനുവദിച്ചിട്ടുണ്ട്.

കെ.പി.എം.ജിയും കേരളവും

# നെതർലാന്റ്സ് ആസ്ഥാനമായ അന്താരാഷ്ട്ര ധനകാര്യ കൺസൾട്ടിംഗ് സ്ഥാപനമാണ് ക്ളിൻവെഡ് പീറ്റ് മെർവിക് ഗോർഡ്ലർ എന്ന കെ.പി.എം.ജി.

# 2018ൽ പ്രളയാനന്തര പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ മാതൃക നിർദ്ദേശിക്കാൻ കെ.പി.എം.ജിയുടെ ഇന്ത്യൻ സ്ഥാപനത്തിന് കരാർ നൽകിയത് വിവാദമായി.

# ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും മറ്റും സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് വിവാദത്തിന് ചൂട്പകർന്നു.

# മലയാളിയായ അരുൺ എം.കുമാറാണ് ഇന്ത്യയിലെ മേധാവി. തലപ്പത്ത് സച്ചിൻ മേനോൻ എന്ന മറ്റൊരു മലയാളിയും.

# ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ സംസ്ഥാനവുമായി ബന്ധമുള്ള വ്യവസായിയാണ് അരുൺ എം.കുമാർ.

# സിലിക്കൺവാലി നായനാർ സന്ദർശിച്ചപ്പോൾ അരുൺകുമാറും കൂടെയുണ്ടായിരുന്നു. പിന്നീട് ടെക്നോപാർക്ക് വിഭാവനം ചെയ്യുന്നതിലും പങ്കാളിയായി.