തിരുവനന്തപുരം: അർബൻ ബാങ്കുകളെ റിസർവ് ബാങ്ക് നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നിയമ ഭേദഗതി സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ പത്ത് അർബർ സഹകരണ ബാങ്കുകളിലൊന്നായ പഞ്ചാബ് - മഹാരാഷ്ട്ര

കോ-ഓപ്പറേറ്റീവിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയത് . ഈ ബാങ്കിലെ വായ്പയുടെ 70 ശതമാനവും ഒരു സ്ഥാപനത്തിന് നൽകിയതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്. റിസർവ് ബാങ്ക് നിയന്ത്രണത്തിൽ കൊണ്ടുവന്ന അ‌ർബൻ ബാങ്കുകളും അന്തർ സംസ്ഥാന സഹകരണ സംഘങ്ങളും കേരളത്തിൽ നാമമാത്രമാണ്. എങ്കിലും, മറ്റ് സഹകരണ ബാങ്കുകളെക്കൂടി ഭാവിയിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യത , പുതുതായി രൂപീകരിച്ച കേരള ബാങ്കിനും വെല്ലുവിളിയാവും..

നേരത്തെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിംഗ് നിയമ ഭേദഗതി ബില്ലിൽ അർബൻ , ഗ്രാമീണ സഹകരണ ബാങ്കുകൾ ഉൾപ്പെട്ടിരുന്നെങ്കിലും അത് പാസ്സാക്കാനായില്ല. തുടർന്നാണ് ഓ‌ർഡിനൻസ് കൊണ്ടുവന്നത്. നിലവിൽ അർ‌ബൻ ബാങ്കുകൾക്കും ജില്ലാ ബാങ്കുകൾക്കും ഇരട്ട നിയന്ത്രണമാണ്. ധനകാര്യപരമായ അധികാരം റിസർവ് ബാങ്കിനും ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനും. ഭേദഗതിയോടെ ,സമഗ്ര നിയന്ത്രണം റിസർവ് ബാങ്കിനാവും. ഇത് നിക്ഷേപകർക്ക് ഗുണം ചെയ്യുമെങ്കിലും ,ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സഹകരണ ബാങ്കുകളുടെ ഭരണ നിയന്ത്രണം റിസർവ് ബാങ്കിലെത്തും. ഭരണ സമിതിയെ പിരിച്ചുവിടാനും റിസർവ് ബാങ്കിനാവും.