mla

ആര്യനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും കൂടുതൽ സുരക്ഷ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമായി കെ.എസ്. ശബരീനാഥൻ.എം.എൽ.എയുടെ നേതൃത്വത്തിൽ അരുവിക്കര നിയോജക മണ്ഡലംതല അവലോകനയോഗം ചേർന്നു. കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങളിൽ ഉണ്ടായ ജാഗ്രതക്കുറവിന്റെ പശ്ചാത്തലത്തിലാണ് അവലോകന യോഗം ചേർന്നത്. പ്രാദേശിക തലത്തിൽ കർശനമായ സുരക്ഷാ നടപടികളും ജാഗ്രതാ നിർദേശങ്ങളും ശക്തമായി തുടരേണ്ടതിനെ സംബന്ധിച്ച തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. പ്രധാന ജംഗ്ഷനുകളിൽ അനാവശ്യമായി ഉണ്ടാകുന്ന തിരക്കുകൾ കർശനമായി നിയന്ത്രിക്കും. കച്ചവട സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുന്നതും സാമൂഹിക അകലം നിർബന്ധമായും പാലിക്കുന്നതും സംബന്ധിച്ച് വ്യാപാര പ്രതിനിധികളുമായി പ്രാദേശിക തലത്തിൽ കൂടിയാലോചനകൾ നടത്തുമെന്നും നിർദേശങ്ങൾ നൽകുമെന്നും എം.എൽ.എ അറിയിച്ചു.ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കാനും സാമൂഹിക അകലം എല്ലായിടങ്ങളിലും കർശനമായി പാലിക്കാനും മാസ്ക് നിർബന്ധമാക്കുന്നതും സംബന്ധിച്ച് പൊലീസ് പരിശോധന ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ക്വാറന്റൈൻ സൗകര്യങ്ങൾ പരിമിതമാണെങ്കിൽ എല്ലാ പഞ്ചായത്ത് തലങ്ങളിലും സൗകര്യം ഒരുക്കും. ഇതിനായി അതത് പഞ്ചായത്തുകൾ ഉടൻ നടപടി സ്വീകരിക്കും. പഞ്ചായത്തുകളിൽ പ്രത്യേകം ബാത്‌റൂം സൗകര്യമുള്ള ലോഡ്ജുകൾ ഉണ്ടെങ്കിൽ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കി അവിടങ്ങളിൽ ക്വാറന്റൈൻ സൗകര്യമൊരുക്കും. ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണെന്നും സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചു തന്നെ മുന്നോട്ട് പോകണമെന്നും എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എസ്.അജിതകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ വെള്ളനാട് ശശി, ജി.മണികണ്ഠൻ, ഷംന നവാസ്, എസ്.ഷാമില ബീഗം, കാട്ടാക്കട തഹസിൽദാർ സജി.എസ്.കുമാർ, നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാർ,​ നെടുമങ്ങാട് ഡി.വൈ.എസ്.പി. ഉമേഷ്‌ കുമാർ, വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ശശി, വെള്ളനാട് കമ്മ്യൂണിറ്റി ഹെൽതത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ, കുറ്റിച്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോയ് ജോൺ തുടങ്ങി മറ്റ് ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് അധികൃതർ യോഗത്തിൽ പങ്കെടുത്തു.